പൊതു തെരഞ്ഞെടുപ്പില്‍ മോഡി മുസ്ലീങ്ങളുടെ പ്രിയപ്പെട്ട സ്ഥാനാര്‍ത്ഥി; സ്ത്രീകള്‍ക്ക് പ്രധാനമന്ത്രിയില്‍ വിശ്വാസം വര്‍ധിച്ചുവെന്നും ബിജെപി നേതാവ് ഷാനവാസ്

ന്യൂഡല്‍ഹി: വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ മുസ്ലീങ്ങളുടെ പ്രിയപ്പെട്ട പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണ് നരേന്ദ്രമോഡിയെന്ന അവകാശവാദവുമായി ബിജെപി നേതാവ് ഷാനവാസ് ഹുസൈന്‍. മുസ്ലീങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് സ്ത്രീകളില്‍ മോഡിയിലുള്ള വിശ്വാസം വര്‍ധിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം രാജ്യത്ത് മുസ്ലീങ്ങള്‍ക്കിടയില്‍ അരക്ഷിത ബോധം വര്‍ധിച്ചുവെന്നും ഇവര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചുവെന്നും വിമര്‍ശനമുയരുമ്പോഴാണ് മോഡിയെ പുകഴ്ത്തി ബിജെപി നേതാവ് രംഗത്തുവന്നിരിക്കുന്നത്.

‘2019ലെ തെരഞ്ഞെടുപ്പില്‍ മുസ്ലീങ്ങളുടെ പ്രിയപ്പെട്ട പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണ് നരേന്ദ്രമോഡി. കാരണം ഇന്ത്യയിലെ 132 കോടി ജനങ്ങളെയും അദ്ദേഹം ഇന്ത്യക്കാരായി മാത്രം കാണുന്നു. മറ്റുപാര്‍ട്ടികള്‍ അവരെ വോട്ടു ബാങ്കായി കാണുന്നു.’ ഷാനവാസ് ഹുസൈന്‍ പറഞ്ഞു.

മുസ്‌ലിം സമുദായത്തിലെ ദാരിദ്ര്യത്തിനും പിന്നോക്കാവസ്ഥയ്ക്കും കാരണം കോണ്‍ഗ്രസാണെന്നും ഹുസൈന്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് അവരോട് അനീതി കാട്ടിയിരിക്കുകയാണെന്നും പ്രധാനമന്ത്രി അവര്‍ക്ക് നീതി നല്‍കിയിരിക്കുകയാണെന്നും ഹുസൈന്‍ അഭിപ്രായപ്പെട്ടു.

‘2014ല്‍ ചിലയാളുകള്‍ മോഡിയുടെ പേരു പറഞ്ഞ് അവരെ ഭയപ്പെടുത്തിയിരുന്നു. മോഡി രാവും പകലും ജോലി ചെയ്യുന്ന വ്യക്തിയാണെന്ന് ഇന്ന് മുസ്ലീം സമുദായത്തിലെ വലിയൊരു വിഭാഗം സമ്മതിക്കുന്നു.’ എന്നും അദ്ദേഹം അവകാശപ്പെട്ടു.

അതേസമയം നേതാവിന്റെത് വോട്ട് മുന്നില്‍ കണ്ടുള്ള പ്രസ്താവനയാണെന്നും വിമര്‍ശനമുയരുന്നുണ്ട്.

Exit mobile version