യുഎസ് സേന അബോട്ടാബാദിലെത്തി ബിന്‍ ലാദനെ കൊലപ്പെടുത്തിയെങ്കില്‍ ഇന്ത്യയ്ക്ക് എന്തുകൊണ്ട് ആയിക്കൂടാ? അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: നിയന്ത്രണരേഖ ലംഘിച്ച് പാകിസ്താന്‍ ഇന്ത്യയ്ക്ക് നേരെ ആക്രമണം അഴിച്ചുവിടുന്നതിനിടെ,പ്രതികരണവുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. യുഎസ് സേനയ്ക്ക് പാകിസ്താനിലെ അബോട്ടാബാദിലെത്തി ബിന്‍ ലാദനെ കൊല്ലാമെങ്കില്‍ ഇന്ന് ഇന്ത്യയ്ക്കും അതാകാമെന്ന് ജെയ്റ്റ്‌ലി പറഞ്ഞു.

‘യുഎസ് നേവിക്ക് ഒസാമയെ കൊല്ലാമെങ്കില്‍ ഇന്ന് എന്തും സാധ്യമാണ്. രാഷ്ട്രീയത്തില്‍ ഒരാഴ്ചയെന്നു പറയുന്നത് വലിയ കാലയളവാണ്. കഴിഞ്ഞ ഒരാഴ്ച രാജ്യം ഞങ്ങള്‍ക്കു പിന്നില്‍ നില്‍ക്കുന്നതു കണ്ടപ്പോള്‍ ഒരാഴ്ച പെട്ടെന്ന് പോയതുപോലെ തോന്നി. പാകിസ്താനിലെ അബോട്ടാബാദിലെ കോമ്പൗണ്ടില്‍ നിന്നും യുഎസ് സീല്‍സ് ഉസാമ ബിന്‍ലാദനെ പിടിച്ചുകൊണ്ടുപോയത് ഞാനോര്‍ക്കുന്നു. എന്തുകൊണ്ട് നമുക്കത് ചെയ്തുകൂടാ? അതാണ് ചിന്തിച്ചത്. ഇന്ന് നമുക്കറിയാം, നമുക്ക് ചെയ്യാനാവും.’ അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.

ഇന്നലെ പുലര്‍ച്ചെ ബലാക്കോട്ടിലെ ഇന്ത്യന്‍ വ്യോമാക്രമണത്തിന് പിന്നാലെ കശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ന് വീണ്ടും വെടിവയ്പ്പ് നടന്നിരുന്നു. ഇതിന് പിന്നാലെ വ്യോമാതിര്‍ത്തി ലംഘിച്ച് പാകിസ്താന്റെ മൂന്ന് വിമാനങ്ങള്‍ എത്തി ബോംബ് വര്‍ഷിച്ചതായും റിപ്പോര്‍ട്ടുണ്ട്. രൗജരിയിലും നൗഷേര മേഖലയിലാണ് സംഭവം. എന്നാല്‍ വിമാനങ്ങളെ തുരത്തിയതായി നാവികസേന അവാകാശപ്പെട്ടു.

Exit mobile version