90 സെക്കന്റില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ തകര്‍ത്തെറിഞ്ഞത് ജയ്‌ഷെ ഭീകരരുടെ ആഢംബര ക്യാംപ്; കാടിനകത്ത് ജിംനേഷ്യവും നീന്തല്‍ക്കുളവും സ്‌ഫോടകവസ്തുക്കളും

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേന കനത്ത തിരിച്ചടി നല്‍കിയ പാകിസ്താനിലെ ജയ്‌ഷെ മുഹമ്മദിന്റെ ഭീകരവാദി ക്യാംപിലുണ്ടായിരുന്നത് അത്യാധുനിക സൗകര്യങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍.

ആറ് ഏക്കറിലായിരുന്നു ജയ്ഷെ ഭീകരസംഘടനയുടെ ഈ ക്യാപ് വ്യാപിച്ചു കിടന്നിരുന്നത്. ഹാളുകളും ഡോര്‍മിറ്ററി സംവിധാനങ്ങളുമായി 600 പേരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യങ്ങളുണ്ടായിരുന്നു. ഭീകരരും ചാവേറുകളും അടങ്ങുന്ന നൂറ് കണക്കിന് പേരെയാണ് ഇവിടെ താമസിപ്പിച്ചിരിക്കുന്നത്.

ഇതില്‍ നിരവധിപ്പേര്‍ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്താന്‍ തയ്യാറെടുക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇവരെയാണ് ഇന്ത്യന്‍ സൈന്യം ഇല്ലാതാക്കിയത്. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം പാക് അധീന കശ്മീരിലെ വിവിധ ക്യാംപുകളിലായിരുന്ന ഇവരെ എല്ലാവരെയും ബലാകോട്ടിലെ കനത്ത കാട്ടിനുള്ളിലെ പരിശീലനകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നെന്നാണ് സൂചന.

അല്‍ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്‍ കഴിഞ്ഞിരുന്ന അബൊട്ടാബാദിന് 80 കിലോമീറ്റര്‍ അകലെയാണ് ബലാകോട്ട്. ഭീകരര്‍ ഉറങ്ങുമ്പോള്‍ തീര്‍ത്തും അപ്രതീക്ഷിതമായാണ് ഇന്ത്യന്‍ വിമാനങ്ങള്‍ ഇങ്ങോട്ട് പറന്നെത്തി ആക്രമണം നടത്തിയത്. വെറും 90 സെക്കന്റില്‍ ക്യാംപിന് മേല്‍ ബോംബ് വര്‍ഷിച്ച് ഇന്ത്യന്‍ വിമാനങ്ങള്‍ തിരികെപ്പറന്നു. ഒരു പോറല്‍ പോലും സൈനികര്‍ക്കോ വിമാനങ്ങള്‍ക്കോ ഏറ്റതുമില്ല.

ജയ്‌ഷെ മുഹമ്മദിന്റെ പാകിസ്താനിലെ ഏറ്റവും വലിയ പരിശീലന കേന്ദ്രങ്ങളിലൊന്നായിരുന്നു ബലാകോട്ടിലേത്. ജയ്‌ഷെ തലവന്‍ മസൂദ് അസറിന്റെ ബന്ധുക്കളെയെല്ലാം പരിശീലിപ്പിച്ചത് ഇവിടെയാണ്. മസൂദ് അസറിന്റെ ഭാര്യാ സഹോദരന്‍മാരിലൊരാളായ യൂസുഫ് അസറായിരുന്നു ഈ കേന്ദ്രം നടത്തിയിരുന്നത്.

ജിംനേഷ്യവും നീന്തല്‍ക്കുളങ്ങളും അടങ്ങിയ ആഡംബര സൗകര്യങ്ങളാണ് ഭീകരര്‍ ഇവിടെ അനുഭവിച്ചിരുന്നത്. കുന്നിന്‍ മുകളിലെ കാടിനുള്ളിലായതുകൊണ്ടുതന്നെ മുകളില്‍ നിന്ന് പെട്ടെന്നുള്ള കാഴ്ച ഇവിടേക്ക് സാധ്യമല്ല. 2003-04 കാലഘട്ടത്തിലാണ് ഭീകരര്‍ക്കുള്ള ബലാക്കോട്ടിലെ പരിശീലന കേന്ദ്രം പ്രവര്‍ത്തന സജ്ജമാവുന്നത്.

325 ഭീകരവാദികളും 25 മുതല്‍ 27 വരെയുള്ള പരിശീലകരും ഇവിടെയുണ്ടായിരുന്നെന്നാണ് സൂചന. മസൂദ് അസറും മറ്റ് നേതാക്കളും കൃത്യമായ ഇടവേളകളില്‍ ഇവിടെയെത്തി ഭീകരവാദികള്‍ക്ക് ക്ലാസ്സെടുക്കാറുണ്ട്, പ്രഭാഷണങ്ങള്‍ നടത്താറുണ്ട്. ഈ ഇടം പണ്ട് ഹിസ്ബുള്‍ മുജാഹിദ്ദീനും ക്യാംപായി ഉപയോഗിച്ചിരുന്നെന്നാണ് സൂചന.

കുന്‍ഹാര്‍ നദിയുടെ തൊട്ടടുത്തുള്ള പ്രദേശത്ത് ഭീകരവാദികള്‍ക്ക് ഏതൊഴുക്കിനെയും നീന്തിത്തോല്‍പിക്കാനുള്ള പരിശീലനം നല്‍കിയിരുന്നു. ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യേണ്ടതെങ്ങനെ, സുരക്ഷാസേനയുടെ വാഹനങ്ങള്‍ ആക്രമിക്കുന്നതെങ്ങനെ, ചാവേറാക്രമണങ്ങള്‍ നടത്തുന്നതെങ്ങനെ, അതിനായി വാഹനങ്ങള്‍ തയ്യാറാക്കി നിര്‍ത്തുന്നതെങ്ങനെ, ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയിലകപ്പെട്ടാല്‍ ഏത് സമ്മര്‍ദ്ദത്തെയും നേരിടുന്നതെങ്ങനെ എന്നിവയെല്ലാം പരിശീലിപ്പിക്കാന്‍ പ്രത്യേക സൗകര്യങ്ങളുണ്ട് ഈ ക്യാംപില്‍.

മതപരമായ ആശയപ്രചാരണവും ഭീകരവാദികളെ കടുത്ത രീതിയില്‍ മനസ്സ് മാറ്റിയെടുക്കലും ലക്ഷ്യമിട്ട് നിരവധി മതപഠനക്ലാസ്സുകള്‍ ഈ ക്യാംപില്‍ നടക്കാറുണ്ടായിരുന്നു.

അമേരിക്കയുടെയും യുകെയുടെയും ഇസ്രയേലിന്റെയും കൊടികളുടെ നിറങ്ങള്‍ ഇവിടുത്തെ ചവിട്ടുപടികളില്‍ വരച്ചിട്ടിരുന്നു. ഭീകരര്‍ക്ക് ഈ രാജ്യങ്ങളോടുള്ള വിദ്വേഷം വ്യക്തമാക്കുന്ന ചിത്രമാണിത്.

Exit mobile version