അസം റൈഫിള്‍സിന് നേരെ ഭീകരാക്രമണം: കമാന്‍ഡിങ് ഓഫീസര്‍ക്കും അഞ്ച് സൈനികര്‍ക്കും വീരമൃത്യു

മണിപ്പൂര്‍: മണിപ്പൂരില്‍ അസം റൈഫിള്‍സിന് നേരെ ഭീകരാക്രമണം. ആക്രമണത്തില്‍ കമാന്‍ഡിങ് ഓഫീസറും കുടുംബവും കൊല്ലപ്പെട്ടു. അഞ്ച് സൈനികരും ആക്രമണത്തില്‍ വീരമൃത്യു വരിച്ചു. ചുരാചന്ദ് ജില്ലയിലെ ശേഖന്‍ ഗ്രാമത്തില്‍ വെച്ചായിരുന്നു ആക്രമണം.

ഇന്ന് രാവിലെ 10 മണിയോടെയാണ് ആക്രമണമുണ്ടായത്. കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ വിപ്ലപ് ത്രിപാഠിയും ഭാര്യയും കുഞ്ഞുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ മറ്റു നിരവധി സൈനികര്‍ക്കും പരിക്കേറ്റതായാണ് വിവരം. ഇവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 100 കിലോ മീറ്ററോളം വടക്ക് മ്യാന്‍മര്‍ അതിര്‍ത്തിയിലെ ഗ്രാമത്തിലാണ് ആക്രമണം നടന്നത്.

മണിപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദസംഘടനയായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.

ആക്രമണത്തില്‍ കമാന്‍ഡിങ് ഓഫീസറും കുടുംബവും കൊല്ലപ്പെട്ടെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് സ്ഥിരീകരിച്ചു. സൈന്യം ശക്തമായി തിരിച്ചടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version