ഇന്ത്യയെ ആക്രമിക്കാന്‍ കോപ്പ് കൂട്ടിയ ജയ്‌ഷെയെ തകര്‍ക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങളുണ്ടായിരുന്നില്ല; ആക്രമണം അങ്ങേയറ്റം അപകടം പിടിച്ച സമയത്ത്; വിശദീകരിച്ച് വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യം സുരക്ഷയുടെ കാര്യത്തില്‍ അങ്ങേയറ്റം അപകടം പിടിച്ച സാഹചര്യത്തിലാണ് പാകിസ്താന്‍ അധീന കശ്മീരില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം. വിദേശ കാര്യ സെക്രട്ടറി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.

‘രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജയ്ഷെ മുഹമ്മദ് മറ്റൊരു ചാവേറാക്രമണത്തിന് പദ്ധതിയിടുന്നതായി വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നും വിവരം ലഭിച്ചിട്ടുണ്ട്. അതിനുവേണ്ടി നിരവധി ജിഹാദികളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഈ അപകടകരമായ സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ ഈ ആക്രമണം അനിവാര്യമായി വന്നു.’ എന്നാണ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നത്.

പാകിസ്താനിലേയും പാക് അധീന കാശ്മീരിലേയും ഭീകരതാവളങ്ങളെ കുറിച്ച് പാകിസ്താന് സമയാസമയങ്ങളില്‍ വിവരം നല്‍കിയിരുന്നു. എന്നാല്‍ പാകിസ്താന്‍ ആ റിപ്പോര്‍ട്ടുകള്‍ തള്ളുകയാണുണ്ടായത്. പാകിസ്താന്റെ അറിവില്ലാതെ ഇത്തരം കേന്ദ്രങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും ഇന്ത്യ കുറ്റപ്പെടുത്തി.

Exit mobile version