ഇസ്ലാമികരാഷ്ട്ര സംഘടനയുടെ സമ്മേളനത്തിലേക്ക് ആദ്യമായി ഇന്ത്യയ്ക്ക് ക്ഷണം! സുഷമ സ്വരാജ് പങ്കെടുക്കും

ന്യൂഡല്‍ഹി: ഒഐസി-ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്റെ (ഇസ്ലാമികരാഷ്ട്ര സംഘടന) 46-ാം സമ്മേളനത്തിലേക്ക് ഇന്ത്യയ്ക്ക് ആദ്യമായി ക്ഷണം. നിരീക്ഷകരാജ്യമായാണ് ഇന്ത്യയെ ക്ഷണിച്ചിരിക്കുന്നത്. മാര്‍ച്ച് ഒന്ന്, രണ്ട് തീയതികളില്‍ അബുദാബിയില്‍ നടക്കുന്ന സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പങ്കെടുക്കും. 56 അംഗരാഷ്ട്രങ്ങളും അഞ്ച് നിരീക്ഷകരാജ്യങ്ങളുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുക.

അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഉഭയകക്ഷി ബന്ധത്തിനപ്പുറം, ഇന്ത്യയുമായി ബഹുരാഷ്ട്ര-അന്താരാഷ്ട്രതലത്തില്‍ ശരിയായ സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ യുഎഇ നേതൃത്വം പ്രകടിപ്പിക്കുന്ന ആഗ്രഹമായാണ് ക്ഷണത്തെ കാണുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യയിലെ 18.5 കോടി മുസ്ലിങ്ങള്‍ക്കും രാജ്യത്തിന്റെ ബഹുസ്വരതയ്ക്കായി അവര്‍ നല്‍കിയ സംഭാവനകള്‍ക്കും ലഭിക്കുന്ന അംഗീകാരമാണിതെന്നും ഇസ്ലാമിക ലോകത്തിനായി ഇന്ത്യ നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരം കൂടിയായി ഇതിനെ കാണുന്നെന്നും പ്രസ്താവന ചൂണ്ടിക്കാണിക്കുന്നു.

Exit mobile version