‘മോഡിയുടെ നെഞ്ചളവ് ആരാണ് അളന്നത്?’ പ്രധാനമന്ത്രി ഭീകരാക്രമണത്തെ സമീപിച്ചത് ഗൗരവത്തോടെയല്ലെന്ന് ദിഗ്‌വിജയ് സിങ്

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അര്‍ഹിക്കുന്ന ഗൗരവത്തോടെയല്ല സമീപിച്ചതെന്ന് കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ ദിഗ്‌വിജയ് സിങ്. പുല്‍വാമ ആക്രമണത്തില്‍ ദു:ഖാചരണം നടത്തിയില്ലെന്നും സിങ് കുറ്റപ്പെടുത്തി.

‘മോഡിയുടെ നെഞ്ച് ആരാണ് അളന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. പ്രധാനമന്ത്രി പുല്‍വാമ ഭീകരാക്രമണത്തെ അര്‍ഹിക്കുന്ന ഗൗരവത്തോടെയല്ല കാണുന്നത്. ആക്രമണത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തു വന്നപ്പോള്‍ അദ്ദേഹം ജിം കോര്‍ബറ്റ് പാര്‍ക്കില്‍ ഷൂട്ടിങ്ങ് തിരക്കിലായിരുന്നു. അടിയന്തരമായി അദ്ദേഹം ഡല്‍ഹിയിലേക്ക് തിരിച്ചു വരികയായിരുന്നു ചെയ്യേണ്ടത്. അടിയന്തര മന്ത്രിസഭാ യോഗം വിളിക്കുകയും ദു:ഖാചരണം നടത്തുകയും ചെയ്യണമായിരുന്നു അദ്ദേഹം’ സിങ് മാധ്യമങ്ങളോട് പറഞ്ഞു.

350 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ പിടിക്കപ്പെടാതെ കടത്താനായത് ഗൗരവതരമായ സുരക്ഷാ വീഴ്ചയാണെന്നും ഇതിനൊന്നും കേന്ദ്രം ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

1999 കാണ്ഡഹാര്‍ വിമാന റാഞ്ചലിന്റെ പശ്ചാത്തലത്തില്‍ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ വിട്ടയച്ച് ഇപ്പോഴത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ആണെന്നും അതേ മസൂദ് അസ്ഹറാണ് പുല്‍വാമ ആക്രമണത്തിന് പിന്നിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Exit mobile version