സിആര്‍പിഎഫുകാര്‍ ഉള്‍പ്പെടെയുള്ള സൈനികര്‍ക്ക് വ്യോമ ഗതാഗതം ഉപയോഗിക്കാന്‍ കേന്ദ്ര അനുമതി

സിആര്‍പിഎഫ് ഉള്‍പ്പെടെ എല്ലാ കേന്ദ്ര സായുധ സൈനികകര്‍ക്കും ഈ സൗകര്യം ഉപയോഗിക്കാമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

കാശ്മീര്‍: കാശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ ഡല്‍ഹിയില്‍ നിന്നും ശ്രീനഗറിലേക്കും തിരിച്ചും ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്കും തിരിച്ചുമുള്ള വ്യോമ ഗതാഗതത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. സിആര്‍പിഎഫ് ഉള്‍പ്പെടെ എല്ലാ കേന്ദ്ര സായുധ സൈനികകര്‍ക്കും ഈ സൗകര്യം ഉപയോഗിക്കാമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

നേരത്തെ ഓഫീസര്‍മാര്‍ക്കു മാത്രമായിരുന്നു ഈ മേഖലകളില്‍ വ്യോമ ഗതാഗത സൗകര്യം ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ കോണ്‍സ്റ്റബിള്‍ റാങ്കിലുള്ള 780,000 സിആര്‍പിഎഫുകാര്‍ക്കും ഹെഡ് കോണ്‍സ്റ്റബിള്‍, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ എന്നിവര്‍ക്ക് ഇത് ഗുണം ചെയ്യും.

പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് സൈനികര്‍ക്ക് വ്യോമയാത്ര നിഷേധിച്ചെന്ന് മാധ്യമ വാര്‍ത്തകള്‍ വന്നിരുന്നു. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് സൈനികരെ വിമാനത്തില്‍ കൊണ്ടുപോവണമെന്ന അപേക്ഷ മന്ത്രാലയം തള്ളിയെന്നായിരുന്നു പുറത്ത് വന്ന വാര്‍ത്തകള്‍.

സിആര്‍പിഎഫ് സൈനികര്‍ക്ക് ശ്രീനഗറിലേക്ക് പോകാന്‍ വിമാന സൗകര്യം ലഭ്യമാക്കിയിരുന്നെങ്കില്‍ ജവാന്മാരുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണങ്ങള്‍ വ്യാപകമായിരുന്നു. എന്നാല്‍ ആഭ്യന്തര മന്ത്രാലയം ഈ ആരോപണം നിഷേധിച്ചിരുന്നു.

ഫെബ്രുവരി 14നാണ് ജമ്മു- ശ്രീനഗര്‍ ദേശീയ പാതയില്‍ സിആര്‍പിഎഫ് വാഹന വ്യൂഹനത്തിന് നേരെ ഭീകരാക്രണം നടന്നത്. ഭീകരാക്രമണത്തില്‍ നാല്‍പത് ജവാന്മാര്‍ വീരമൃത്യു വരിച്ചു.

Exit mobile version