10 ലക്ഷത്തിലേറെ ആദിവാസി കുടുംബങ്ങളെ വനഭൂമിയില്‍ നിന്നും ഇറക്കി വിടണമെന്ന് സുപ്രീം കോടതി; ആവശ്യപ്പെട്ടത് വന്യജീവി സംരക്ഷണ സംഘടനകള്‍

ന്യൂഡല്‍ഹി: കേരളമുള്‍പ്പെടെയുള്ള 20 സംസ്ഥാനങ്ങളില്‍ നിന്നും 10 ലക്ഷത്തിലേറെ ആദിവാസി കുടുംബങ്ങളെ വനഭൂമിയില്‍നിന്ന് ഒഴിപ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം. കേരളത്തിലെ 894 കുടുംബങ്ങള്‍ക്കാണ് വിധി തിരിച്ചടിയാവുക. ജഡ്ജിമാരായ അരുണ്‍ മിശ്ര, നവീന്‍ സിന്‍ഹ, ഇന്ദിര ബാനര്‍ജി എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി.

വനാവകാശ നിയമത്തിന്റെ പരിരക്ഷ ലഭിക്കാത്തവരെയാണ് ഒഴിപ്പിക്കുന്നത്. നിയമപ്രകാരമുള്ള പരിരക്ഷയ്ക്ക് കേരളത്തില്‍ 39,999 അപേക്ഷകളാണ് ആദിവാസികളില്‍നിന്നു ലഭിച്ചതെന്നും ഇതില്‍ 894 എണ്ണം തള്ളിക്കളഞ്ഞെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.

തള്ളിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ എന്തുകൊണ്ട് ഒഴിപ്പിക്കല്‍ നടപടിയുണ്ടായില്ലെന്ന് ചീഫ് സെക്രട്ടറി സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കണം. ജൂലൈ 24നാണ് കേസ് ഇനി പരിഗണിക്കുന്നത്. അതിനു മുന്‍പ് ഒഴിപ്പിക്കല്‍ പൂര്‍ത്തിയായെന്ന് ചീഫ് സെക്രട്ടറി ഉറപ്പാക്കണം.

ഒഴിപ്പിക്കലുണ്ടായില്ലെങ്കില്‍ ഗൗരവത്തോടെ കാണുമെന്ന് കോടതി വ്യക്തമാക്കി. നിയമം ദുരുപയോഗിക്കപ്പെടുന്നതായി ആരോപിച്ച് ചില വന്യജീവി സംരക്ഷണ സംഘടനകളാണ് കോടതിയെ സമീപിച്ചത്.

Exit mobile version