കാശ്മീരിലെ പിഡിപി ഓഫീസ് പോലീസ് സീല്‍ ചെയ്തു; നടപടി മെഹ്ബൂബ മുഫ്തിയുടെ സന്ദര്‍ശനത്തിന് മുമ്പ്

ശ്രീനഗര്‍: ജമ്മു-കാശ്മീരില്‍ പിഡിപിയുടെ (പീപ്പിള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി) ഓഫീസ് പോലീസ് സീല്‍ ചെയ്തു. പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തിയുടെ സന്ദര്‍ശനത്തിനു തൊട്ടുമുമ്പാണ് നടപടി. ക്രമസമാധാന നില കണക്കിലെടുത്താണ് ഓഫീസ് സീല്‍ ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി.

പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരപ്രകാരം ഇന്നുച്ചയ്ക്ക് മെഹബൂബ മുഫ്തി പാര്‍ട്ടി ഓഫീസ് സന്രദര്‍ശിക്കാനിരുന്നതാണ്. അതിനിടെയാണ് ഓഫീസ് സീല്‍ ചെയ്തത്. ഭീകരാക്രമണത്തില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് പോലീസ് നടപടിയെടുത്തത്. ക്രമസമാധാന നില കണക്കിലെടുത്താണ് ഓഫീസ് സീല്‍ ചെയ്തതെന്ന് പോലീസ് അറിയിച്ചു

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. താഴ്വരയിലെ ഇന്റര്‍നെറ്റ് ബന്ധവും വിച്ഛേദിച്ചിരിക്കുകയാണ്. വിഘടനവാദി നേതാക്കള്‍ക്ക് നല്‍കിയിരുന്ന സുരക്ഷ സര്‍ക്കാര്‍ നേരത്തെ പിന്‍വലിച്ചിരുന്നു.

മിര്‍വായിസ് ഉമര്‍ ഫാറൂഖ്, ഷാബിര്‍ ഷാ, ഹാഷിം ഖുറേഷി, ബിലാല്‍ ലോണ്‍, അബ്ദുള്‍ ഘാനി ഭട്ട് എന്നിവരുടെ സുരക്ഷയാണ് പിന്‍വലിച്ചത്. ഇതിനിടെയാണ് കശ്മീരിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്തിരിക്കുന്നത്.

പാക്കിസ്ഥാനില്‍ നിന്നും പാക് ചാരസംഘടനയായ ഐഎസ്‌ഐയില്‍ നിന്നും ഫണ്ട് വാങ്ങുന്ന കശ്മീരിലെ നേതാക്കള്‍ക്ക് സുരക്ഷ നല്‍കുന്ന കാര്യം പുനരാലോചിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വിഘടനവാദി നേതാക്കളുടെ സുരക്ഷ പിന്‍വലിച്ചത്. ഇവര്‍ക്ക് വാഹനങ്ങളടക്കമുള്ള സൗകര്യങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അതും പിന്‍വലിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Exit mobile version