പുല്‍വാമ ആക്രമണം; കാശ്മീരിലെ വിഘടനവാദി സംഘടനാ നേതാക്കള്‍ക്കുള്ള സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ജമ്മു കശ്മീരിലെ വിഘടനവാദി സംഘടനാ നേതാക്കള്‍ക്കുള്ള സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. ഹൂറിയത്ത് കോണ്‍ഫറന്‍സ് നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖ് ഉള്‍പ്പടെ അഞ്ച് വിഘടനവാദി നേതാക്കള്‍ക്കുള്ള സുരക്ഷയാണ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്.

പാകിസ്താന്റേയും ഐഎസ്‌ഐയുടേയും പണം പറ്റുന്ന ചിലരെങ്കിലും ഇപ്പോഴും ജമ്മു കാശ്മീരിലുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് നേരത്തെ ആഞ്ഞടിച്ചിരുന്നു. ‘ഇവരെ കണ്ടെത്തി ഒറ്റപ്പെടുത്തണം. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ നമ്മള്‍ വിജയിക്കുക തന്നെ ചെയ്യും.’ രാജ്‌നാഥ് സിങ് പറഞ്ഞു.

പേരെടുത്ത് പറഞ്ഞില്ലെങ്കിലും ജമ്മു കശ്മീരിലെ വിഘടനവാദി സംഘടനാ നേതാക്കളെയും ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാക്കളെയുമാണ് രാജ്‌നാഥ് സിംഗ് ഉദ്ദേശിച്ചതെന്ന് വ്യക്തം.

ജമ്മു കശ്മീരില്‍ കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചിരുന്നു. ആര്‍മി കമാന്‍ഡര്‍, സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ ഉള്‍പ്പടെയുള്ള ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ പങ്കെടുത്ത രാജ്‌നാഥ് സിങ് ശ്രീനഗറില്‍ വിളിച്ച ഉന്നതതല യോഗമാണ് തീരുമാനമെടുത്തത്.

Exit mobile version