പുല്‍വാമ ആക്രമണം: മകളുടെ വിവാഹാഘോഷം മാറ്റിവെച്ചു; പണം കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങള്‍ക്ക് നല്‍കി വജ്രവ്യാപാരി

സൂറത്ത്: പുല്‍വാമയിലെ ചാവേറാക്രമണത്തിന് പിന്നാലെ ആഢംബരപൂര്‍വ്വം നടത്താനിരുന്ന മകളുടെ വിവാഹാനന്തര സത്ക്കാര ചടങ്ങുകള്‍ ഒഴിവാക്കി പിതാവ്. കൂടാതെ, വിവാഹ സല്‍ക്കാരത്തിനായി നീക്കി വച്ചിരുന്ന പണം പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് സംഭാവനയായി നല്‍കുകയും ചെയ്തു. ഗുജറാത്തിലെ സൂറത്തിലെ വജ്രവ്യാപാരിയായ ദേവഷി മനേകാണ് ഈ ന്നമ നിറഞ്ഞ മാതൃകയായിരിക്കുന്നത്.

പതിനൊന്നു ലക്ഷം രൂപയാണ് ഇദ്ദേഹം വിവാഹ സല്‍ക്കാരം നടത്തുന്നതിനായി മാറ്റി വച്ചിരുന്നത്. എന്നാല്‍ സല്‍ക്കാരവും മറ്റ് ആഘോഷ പരിപാടികളും മാറ്റി വച്ച ശേഷം പണം ജവാന്മാരുടെ കുടുംബത്തിന് നല്‍കുകയായിരുന്നു. ഈ തുകയ്ക്ക് പുറമേ അഞ്ചുലക്ഷം രൂപ സന്നദ്ധസംഘടനകള്‍ക്കും മനേക് സംഭാവന ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

ഈ മാസം പതിനഞ്ചിനായിരുന്നു മനേകിന്റെ മകള്‍ ആമിയുടെയും മീഠ് സാങ്വിയുടെയും വിവാഹം. പിറ്റേന്ന് സല്‍ക്കാരവും നടത്താന്‍ നേരത്തെ നിശ്ചയിച്ചിരുന്നു. എന്നാല്‍ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സല്‍ക്കാരം ഒഴിവാക്കാനും അതിനായി കരുതിയ തുക ജവാന്മാരുടെ കുടുംബത്തിനു നല്‍കാന്‍ ഇരുകുടുംബങ്ങളും തീരുമാനിക്കുകയായിരുന്നു.

14ന് ഉച്ചകഴിഞ്ഞ് മൂന്നേകാലോടെയാണ് പുല്‍വാമയില്‍ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം നടന്നത്. നാല്‍പ്പത് സിആര്‍പിഎഫ് ജവാന്മാരാണ് ആക്രമണത്തില്‍ വീരമത്യു വരിച്ചത്.

Exit mobile version