മഹാരാഷ്ട്രയില്‍ ബിജെപിയും ശിവസേനയും പകുതി സീറ്റുകളില്‍ മത്സരിച്ചേക്കും

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടുത്താഴ്ച ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച്ച നടത്തും

മുംബൈ: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ബിജെപിയും ശിവസേനയും സഖ്യത്തിലേക്ക്. ഇരു പാര്‍ട്ടികളും പകുതി സീറ്റുകളില്‍ വീതം മത്സരിക്കാന്‍ ധാരണയില്‍ എത്തിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടുത്താഴ്ച ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച്ച നടത്തും.

ആകെയുള്ള 48 സീറ്റുകളില്‍ ബിജെപി 25 സീറ്റുകളിലും ശിവസേന 23 സീറ്റുകളിലും മത്സരിക്കാന്‍ ധാരണയില്‍ എത്തിയെന്നാണ് സൂചന. രാമക്ഷേത്ര നിര്‍മാണം, കര്‍ഷകരുടെ കടം എഴുതിത്തള്ളല്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇരുപാര്‍ട്ടികളും ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഇരുപാര്‍ട്ടികളും തീരുമാനം എടുത്തിട്ടില്ല.

നിയമസഭാ തെരഞ്ഞെടുപ്പിലും 50-50 ഫോര്‍മുലയില്‍ മത്സരിക്കാമെന്നാണ് ബിജെപി പറയുന്നത്. എന്നാല്‍ ബിജെപിയുമായി സഖ്യത്തില്‍ ഏര്‍പ്പെടണമെങ്കില്‍ 1995-ലെ ഫോര്‍മുലയിലായിരിക്കണമെന്ന ഉപാധിവെച്ച് ശിവസേന വച്ചിരുന്നു. ആകെയുള്ള 288 നിയമസഭാ സീറ്റുകളില്‍ ശിവസേന 171 സീറ്റുകളിലും ബിജെപി 117 സീറ്റുകളിലും മത്സരിച്ചതാണ് 1995-ലെ ഫോര്‍മുല

Exit mobile version