പുല്‍വാമയില്‍ ഭീകരാക്രമണത്തിന് ഉപയോഗിച്ചത് ഉഗ്രശേഷിയുള്ള 60 കിലോ ആര്‍ഡിഎക്‌സ്; അതീവ സുരക്ഷാ മേഖലയില്‍ വാഹനം ഇടിച്ചുകയറ്റിയില്ല; ദേശീയപാതയിലൂടെ ഒരു തടസവുമില്ലാതെ കടന്നു വന്നു; ദുരൂഹത

ന്യൂഡല്‍ഹി: പുല്‍വാമയില്‍ നടത്തിയ ഭീകരാക്രമണത്തിന് ജയ്‌ഷെ മുഹമ്മദ് ചാവേര്‍ ഉപയോഗിച്ചത് അത്യുഗ്ര സ്‌ഫോടനശേഷിയുളള അറുപത് കിലോ ആര്‍ഡിഎക്‌സെന്ന് സിആര്‍പിഎഫ് അന്വേഷണത്തില്‍ കണ്ടെത്തി. ഭീകരന്‍ സഞ്ചരിച്ച വാഹനം വാഹനവ്യൂഹത്തിനു നേരെ ഇടിച്ചു കയറ്റുകയായിരുന്നില്ല. മറിച്ച് വാഹനവ്യൂഹത്തിന് അടുത്തെത്തി പൊട്ടിത്തെറിക്കുകയായിരുന്നെന്നും സിആര്‍പിഎഫ് വിശദീകരിക്കുന്നു. സൈനികവാഹനങ്ങള്‍ കടന്നുപോകുന്നതിനു മണിക്കൂറുകള്‍ മുന്‍പ് അടച്ചിട്ടതായിരുന്നു ദേശീയപാത. ഇതിലൂടെ ഭീകരനു വാഹനവുമായി എങ്ങനെ കടന്നുകയറാന്‍ കഴിഞ്ഞെന്നതാണ് സിആര്‍പിഎഫിനെ വലക്കുന്ന ചോദ്യം.

സിആര്‍പിഎഫ് നടത്തുന്ന അന്വേഷണത്തിലെ പ്രാഥമിക നിഗമനങ്ങള്‍ ഇങ്ങനെ: പരമാവധി സൈനികരെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, പ്രത്യേകമായി നിര്‍മ്മിച്ച സ്‌ഫോടകശേഖരമാണു ഭീകരാക്രമണത്തിന് ഉപയോഗിച്ചത്. ആഢംബരക്കാറില്‍ വിദഗ്ധമായി ആര്‍ഡിഎക്‌സ് സ്‌ഫോടകവസ്തു ഘടിപ്പിച്ചു. ജയ്‌ഷെ മുഹമ്മദ് ഭീകരന്‍ അദില്‍ അഹമദ് ആഢംബരക്കാര്‍ സൈനിക വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നില്ല. സിആര്‍പിഎഫ് വാഹനങ്ങള്‍ കടന്നുപോകുന്നതിന്റെ ഇടതുവശത്തു കൂടി കയറിവന്നു പൊട്ടിച്ചിതറുകയായിരുന്നു. പുല്‍വാമയില്‍ സ്‌ഫോടനം നടന്നതിന്റെ പത്ത് കിലോമീറ്റര്‍ അകലെ താമസിച്ചിരുന്ന ചാവേര്‍ ആദിലിന്റെ പക്കല്‍ ആര്‍ഡിഎക്‌സ് എങ്ങനെയെത്തിയെന്നും ആരാണ് ഇയാളെ സഹായിച്ചതെന്നും സിആര്‍പിഎഫ് അന്വേഷിക്കുന്നുണ്ട്.

സിആര്‍പിഎഫിന്റെ വാഹനങ്ങള്‍ കടന്നുപോകുന്നതിനു മണിക്കൂറുകള്‍ മുന്‍പുതന്നെ ജമ്മു-ശ്രീനഗര്‍ ദേശീയപാത പരിശോധിച്ചു സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയിരുന്നു. ഇതിനിടെ ഭീകരന്‍ എങ്ങനെ ദേശീയപാതയില്‍ കടന്നുകയറിയെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

Exit mobile version