ഏതെങ്കിലും ഭീകര സംഘടന നടത്തുന്ന ആക്രമണത്തിന് പാകിസ്താനെ എന്തിന് കുറ്റപ്പെടുത്തണം? മോഡിയുടെ പ്രസ്താവനയ്‌ക്കെതിരെ നവ്‌ജ്യോത് സിങ് സിദ്ധു; പ്രതിഷേധിച്ച് സോഷ്യല്‍മീഡിയ

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ 40 ജവാന്മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യമെമ്പാടും പ്രതിഷേധം പുകയുന്നതിനിടെ പാകിസ്താനെ ന്യായീകരിച്ച് മുന്‍ ക്രിക്കറ്റ്താരവും കോണ്‍ഗ്രസ് പഞ്ചാബ് മന്ത്രിയുമായ നവ്‌ജ്യോത് സിങ് സിദ്ധു.
രാജ്യത്ത് നാല്‍പ്പതിലധികം സൈനികര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണ സംഭവത്തില്‍ പാകിസ്താനെ കുറ്റപ്പെടുത്തരുതെന്നും ഏതെങ്കിലും ഒരു ഭീകരസംഘടന നടത്തുന്ന ഭീരുത്വമായ പ്രവര്‍ത്തിക്ക് ഒരു രാജ്യത്തെ മുഴുവനും കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും സിദ്ധു പറയുന്നു.

‘ഭീകരാക്രമണത്തെ രൂക്ഷമായി വിമര്‍ശിക്കാനും അദ്ദേഹം തയ്യാറായി. ഇത് ഭീരുത്വപൂര്‍ണമായ ക്രൂരകൃത്യമാണ്. ഇതിനെ ശക്തമായി ഞാന്‍ അപലപിക്കുന്നു. ഇതിന് പിന്നില്‍ ആരായാലും അവര്‍ ശിക്ഷിക്കപ്പെടണം. എന്നാല്‍ ഇതിന്റെ പേരില്‍ ഒരു രാജ്യത്തെ മുഴുവനായോ അല്ലെങ്കില്‍ ഏതെങ്കിലുമൊരു വ്യക്തിയേയോ കുറ്റപ്പെടുത്താനാകുമോ’- സിദ്ധു ചോദിച്ചു.

അതേസമയം, പാകിസ്താന്‍ പ്രധാനമന്ത്രിയും മുന്‍ ക്രിക്കറ്റ്താരവുമായ ഇമ്രാന്‍ഖാനും സിദ്ധുവും നല്ല സുഹൃത്തുക്കളാണ്. ഇതാണോ പ്രസ്താവനയ്ക്ക് പിന്നിലെന്ന് സോഷ്യല്‍മീഡിയയില്‍ ചോദ്യമുയരുന്നുണ്ട്.

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താനാണ് എന്നാണ് ഇന്നലത്തെ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി കുറ്റപ്പെടുത്തിയിരുന്നു. വലിയ തെറ്റാണ് പാകിസ്താന്‍ ചെയ്തിരിക്കുന്നതെന്നും അവര്‍ അതിന് കനത്തവില നല്‍കേണ്ടി വരുമെന്നും മോഡി പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയെന്നോണമാണ് സിദ്ധുവിന്റെ പ്രസ്താവന. അതേസമയം പുല്‍വാമ ഭീകരാക്രണത്തെ അപലപിച്ചും തങ്ങള്‍ക്ക് ഒരു പങ്കുമില്ലെന്ന് പറഞ്ഞും പാകിസ്താന്‍ രംഗത്തെത്തിയിരുന്നു.

പുതിയ പ്രസ്താവനയുടെ പേരില്‍ സിദ്ധുവിനെതിരേ വലിയ വിമര്‍ശനമാണ് ഉയരുന്നത്. സിദ്ധു പങ്കെടുക്കുന്ന, കൊമേഡിയന്‍ കപില്‍ ശര്‍മയുടെ ടിവി ഷോയ്ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്നു വരെയാണ് സോഷ്യല്‍മീഡിയയില്‍ ആവശ്യം. നേരത്തേ പാക് കരസേന മേധാവി ഖമര്‍ ജാവേദ് ബജ്വയെ സിദ്ധു ആലിംഗനം ചെയ്തത് ബിജെപി വലിയ വിവാദമാക്കിയിരുന്നു. ഇതിനെ വിമര്‍ശിച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് അടക്കമുള്ളവര്‍ രംഗത്തെത്തുകയും ചെയ്ത്ിരുന്നു.

Exit mobile version