കനയ്യകുമാര്‍ ഇനി ഡോക്ടര്‍ കനയ്യകുമാര്‍: ദുഷ്പ്രചാരണങ്ങളെ നിഷ്പ്രയാസം അതിജീവിച്ച് ജെഎന്‍യു സമരനായകന്‍

ന്യൂഡല്‍ഹി: ജെഎന്‍യു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സമരനായകന്‍ കനയ്യകുമാര്‍ ഇനി ഡോക്ടര്‍ കനയ്യകുമാര്‍. ദക്ഷിണാഫ്രിക്കയിലെ സാമൂഹ്യമാറ്റങ്ങള്‍ എന്ന വിഷയത്തിലാണ് കനയ്യകുമാറിന് ഡോക്ടറേറ്റ്.

ജെഎന്‍യുവില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിലൂടെ ദേശീയശ്രദ്ധ നേടിയ കനയ്യകുമാറിനെതിരെ സംഘപരിവാര്‍ പല വ്യാജ ആരോപണങ്ങളും ഉയര്‍ത്തിയിരുന്നു. ജനങ്ങളുടെ പണം ചെലവഴിച്ച് കനയ്യകുമാര്‍ 11 വര്‍ഷമായി പഠിക്കുകയാണെന്നും പിഎച്ച്ഡിയുടെ പരീക്ഷകളില്‍ 11 തവണ കനയ്യകുമാര്‍ പരാജയപ്പെട്ടെന്നും സംഘപരിവാര്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ കനയ്യകുമാര്‍ ദക്ഷിണാഫ്രിക്കയിലെ സാമൂഹ്യമാറ്റങ്ങള്‍ എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് സ്വന്തമാക്കിയത്.

2011ലാണ് കനയ്യകുമാര്‍ ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ എംഫില്‍ പിഎച്ച്ഡി കോഴ്സിന് ചേരുന്നത്. കോഴ്സിനിടയിലാണ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ അദ്ധ്യക്ഷനായത്.

മോഡി സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ക്കെതിരെ സര്‍വ്വകലാശാലയ്ക്കകത്തും പുറത്തും കനയ്യകുമാറിന്റെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭങ്ങള്‍ അദ്ദേഹത്തെ സംഘപരിവാറിന്റെ ശത്രുവാക്കിമാറ്റി.

കനയ്യകുമാര്‍, ഉമര്‍ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ അതിന് പ്രതികാരം വീട്ടിയത്.

Exit mobile version