അടച്ചുപൂട്ടുന്ന കാര്യം ആലോചിക്കൂ! ബിഎസ്എന്‍എല്ലിനോട് സ്വരം കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

അടച്ചു പൂട്ടല്‍ അടക്കമുള്ള വഴികള്‍ ആലോചിക്കാനാണ് കേന്ദ്രം ബിഎസ്എന്‍എല്ലിനോട് നിര്‍ദേശിച്ചിരിക്കുന്നത് എന്നാണ് എക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ട് പറയുന്നത്. അടച്ചുപൂട്ടല്‍ ഉപാധിയല്ലെങ്കില്‍ നവീകരണം, സ്വകാര്യവത്കരണം എന്നിവ ആലോചിക്കാനും നിര്‍ദേശമുണ്ട്.

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിനോട് നിലപാട് കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. അടച്ചു പൂട്ടല്‍ അടക്കമുള്ള വഴികള്‍ ആലോചിക്കാനാണ് കേന്ദ്രം ബിഎസ്എന്‍എല്ലിനോട് നിര്‍ദേശിച്ചിരിക്കുന്നത് എന്നാണ് എക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ട് പറയുന്നത്. അടച്ചുപൂട്ടല്‍ ഉപാധിയല്ലെങ്കില്‍ നവീകരണം, സ്വകാര്യവത്കരണം എന്നിവ ആലോചിക്കാനും നിര്‍ദേശമുണ്ട്.

2017-18 കാലയളവില്‍ 31,287 കോടി രൂപയുടെ നഷ്ടമാണ് ബിഎസ്എന്‍എല്‍ നേരിടേണ്ടി വന്നത്. ബിഎസ്എന്‍എല്ലിലെ ഉന്നത ഉദ്യോഗസ്ഥരുമായി ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍ നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ഈ നിര്‍ദേശം മുന്നോട്ടു വെച്ചത്.

അതേസമയം, കേന്ദ്രത്തിന്റെ തെറ്റായ നയങ്ങളാണ് പ്രതിസന്ധിക്ക് കാരണം എന്നാണ് ബിഎസ്എന്‍എല്‍ തൊഴിലാളി യൂണിയനുകള്‍ ആരോപിക്കുന്നത്. റിലയന്‍സിന് എതിരാളിയാവാതിരിക്കാനാണ് ബിഎസ്എന്‍എല്ലി 4ജി സ്പെക്ട്രം അനുവദിച്ചു നല്‍കുന്നതില്‍ കാലതാമസം വരുത്തുന്നതെന്നും കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന പ്രതിഷേധത്തിനിടെ തൊഴിലാളി യൂണിയന്‍ പറഞ്ഞിരുന്നു.

ഇപ്പോള്‍ ടെലകോം വ്യവസായം പ്രതിസന്ധിയിലാണ്. മാര്‍ക്കറ്റില്‍ ഏകാധിപത്യം സ്ഥാപിക്കാനുള്ള മുകേഷ് അംബാനിയുടെ കടന്നു വരവാണ് ഇതിന് കാരണം. എതിരാളികളെ തുടച്ചു നീക്കാനായിരുന്നു അവരുടെ പദ്ധതി. കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള ബിഎസ്എന്‍എല്ലിനെ വരെ. റിലയന്‍സിനെതിരായി സംസാരിക്കുന്നവര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ പ്രതികാര നടപടികള്‍ സ്വീകരിക്കുന്നതായും ബിഎസ്എന്‍എല്‍ യൂണിയനുകളുടെ സംയുക്ത പ്രസ്താവന പറയുന്നു.

Exit mobile version