ന്യൂഡല്‍ഹിയില്‍ നിങ്ങള്‍ ഭരിച്ചോ; പക്ഷെ മഹാരാഷ്ട്ര ഞങ്ങള്‍ക്ക് വേണം! ബിജെപിയുമായുള്ള സഖ്യത്തിന് കൂടുതല്‍ സീറ്റുകള്‍ ചോദിച്ച് ശിവസേന

മുംബൈ: ഇത്തവണയും ബിജെപിയെ ആശങ്കയിലാഴ്ത്തി ശിവസേനയുമായുള്ള സഖ്യചര്‍ച്ച. ബിജെപിയുമായി സഖ്യം വേണമെങ്കില്‍ 1995 ലെ ഫോര്‍മുലയിലായിരിക്കണമെന്ന ഉപാധിയാണ് ശിവസേന മുന്നോട്ട് വെയ്ക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് കൂടി നടക്കുന്ന മഹാരാഷ്ട്രയില്‍ ശിവസേനയുടെ ഈ ആവശ്യത്തോട് ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ആകെയുള്ള 288 സീറ്റുകളില്‍ ശിവസേന 171 സീറ്റുകളിലും ബിജെപി 117 സീറ്റുകളിലും മത്സരിച്ചതാണ് 1995-ലെ ഫോര്‍മുല. അന്ന് ശിവസേന 73 സീറ്റുകളിലും ബിജെപി 65 സീറ്റുകളിലും ജയിക്കുകയും സേനയുടെ മനോഹര്‍ ജോഷിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുയും ചെയ്തിരുന്നു. അതേ സമയം 2014-ല്‍ ഇരുപാര്‍ട്ടികളും ഒറ്റയ്ക്കൊറ്റക്ക് മത്സരിച്ചപ്പോള്‍ ബിജെപിക്ക് 122 സീറ്റുകള്‍ ലഭിച്ചു. ശിവസേനക്ക് 63 സീറ്റുകളില്‍ മാത്രമാണ് ജയിക്കാനായത്.

ഇതിനിടെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറയെ തിങ്കളാഴ്ച സഖ്യചര്‍ച്ചകള്‍ക്കായി ഫോണില്‍ വിളിച്ചു. ലോക്സഭയില്‍ 50-50 ഫോര്‍മുലയില്‍ മത്സരിക്കാമെന്നാണ് ബിജെപിയുടെ വാഗ്ദാനം. നിയമസഭയിയിലും സമാനമായ ഫോര്‍മുല ആകാമെന്നും ബിജെപി നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ബിജെപിയേക്കാള്‍ കൂടുതല്‍ സീറ്റുകളും മുഖ്യമന്ത്രിപദവും വേണമെന്നാണ് ശിവസേന ഉപാധിവെക്കുന്നത്. അവര്‍ക്ക് ഡല്‍ഹി ഭരിക്കാന്‍ സാധിക്കും. എന്നാല്‍ മഹാരാഷ്ട്രയില്‍ നേട്ടം ഞങ്ങള്‍ക്കായിക്കുമെന്നും ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

Exit mobile version