ഹെല്‍മെറ്റ് എവിടെ? സീറ്റ് ബെല്‍റ്റില്ലാതെ അപകടമുണ്ടാക്കരുത്! നേരിട്ട് റോഡിലിറങ്ങി ഉപദേശിച്ച് കിരണ്‍ബേദി; മാസ് എന്‍ട്രിക്ക് കൈയ്യടി

പുതുച്ചേരി: റോഡില്‍ നേരിട്ട് ഇറങ്ങി ജനങ്ങളെ ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതിന്റെ ആവശ്യകതയും ഹെല്‍മെറ്റ് ഇല്ലാതെയുള്ള യാത്രയിലെ അപകടവും വിശദീകരിച്ച് ഉപദേശവുമായി നേരിട്ടെത്തിയ ആളെ കണ്ട് യാത്രക്കാര്‍ അമ്പരന്നു. സാക്ഷാല്‍ കിരണ്‍ ബേദി! പുതുച്ചേരിയുടെ ഗവര്‍ണറായ കിരണ്‍ ബേദിയാണ് റോഡ് സുരക്ഷാവാരത്തിന്റെ ഭാഗമായി റോഡിലിറങ്ങിയ യാത്രക്കാരെ ബോധവത്കരിക്കാനായി എത്തിയത്. ഇതിനുശേഷം താന്‍ നടത്തിയ പരിശോധനയുടെ വീഡിയോയും അവര്‍ ട്വിറ്ററിലൂടെ പങ്കുവെച്ചു.

ഹെല്‍മെറ്റ് ഇല്ലാതെ ഇരുചക്രവാഹനം ഓടിച്ചവരെയും അധികയാത്രക്കാരെ കയറ്റിയ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെയുമാണ് കിരണ്‍ബേദി കൈകാണിച്ച് നിര്‍ത്തിയത്. ഹെല്‍മെറ്റ് ഇല്ലാത്തവരോട് ഹെല്‍മെറ്റ് എവിടെയെന്ന് ചോദിച്ച ഗവര്‍ണര്‍ ഹെല്‍മെറ്റ് ഇല്ലെങ്കില്‍ അപകടം ക്ഷണിച്ചവരുത്തുകയാണെന്ന മുന്നറിയിപ്പും നല്‍കി. അധികയാത്രക്കാരെ കയറ്റിയ വാഹനങ്ങളില്‍നിന്ന് അവരെ ഇറക്കിയശേഷമാണ് യാത്ര തുടരാന്‍ അനുവദിച്ചത്.

കൂടാതെ, വാഹനം ഓടിക്കുന്നവര്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും പോലീസിന് നിര്‍ദേശം നല്‍കി. നേരത്തെ കിരണ്‍ ബേദി പുതുച്ചേരിയിലൂടെ കാറില്‍ സഞ്ചരിച്ച് ട്രാഫിക് സംവിധാനത്തിലെ പോരായ്മകള്‍ കണ്ടെത്തിയതും വാര്‍ത്തയായിരുന്നു.

Exit mobile version