ഡല്‍ഹി ഹോട്ടലില്‍ ഉണ്ടായ തീപിടുത്തം; മരിച്ചവരുടെ ആശ്രിതര്‍ക്ക് 5 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് അരവിന്ദ് കെജരിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി കരോള്‍ബാഗിലെ അര്‍പിത് പാലസ് ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 5 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഇന്ന് രാവിലെ ഉണ്ടായ തീപിടുത്തത്തില്‍ ഒരു മലയാളി അടക്കം 17 പേരാണ് മരിച്ചത്.

പുലര്‍ച്ചെ നാല് മുപ്പതോടെയാണ് തീ പടര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരില്‍ ഒരു കുഞ്ഞും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. തീ പൂര്‍ണ്ണമായും അണച്ചതായി അഗ്നിശമനസേനാ അധികൃതര്‍ അറിയിച്ചു.

26 ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 5 നില കെട്ടിടത്തിലെ 48 മുറികളില്‍ 40 മുറികളിലും താമസക്കാര്‍ ഉണ്ടായിരുന്നു. തീ പടരുമ്പോള്‍ താമസക്കാര്‍ ഉറക്കമായിരുന്നു. തീ പടര്‍ന്നത് പുലര്‍ച്ചയായിരുന്നതിനാല്‍ അപകടത്തിന്റെ തോത് കൂടാന്‍ കാരണമായെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തില്‍ 35 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പുക ശ്വസിച്ച് ശ്വാസംമുട്ടിയാണ് കൂടുതല്‍ മരണവും സംഭവിച്ചതെന്ന് പോലീസ് പറയുന്നു.

Exit mobile version