രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍; അവയെല്ലാം കാറ്റില്‍ പറത്തി പൗരത്വ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍

ബില്ല് ലോക്സഭയില്‍ അവതരിപ്പിച്ചതു മുതല്‍ മേഘാലയ, അസ്സം, മിസോറാം, മണിപ്പൂര്‍ തുടങ്ങിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആരംഭിച്ച പ്രതിഷേധം ഇപ്പോഴും തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്.

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. ബംഗ്ലാദേശ്, പാകിസ്താന്‍ എന്നവിടങ്ങളില്‍ നിന്നടക്കമുള്ള അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള വ്യവസ്ഥ ഭേദഗതി ചെയ്യുന്നതാണ് രാജ്യസഭ ഇന്ന് പരിഗണിക്കാനിരിക്കുന്ന ബില്ല്. രാജ്യത്താകമാനം കടുത്ത പ്രതിഷേധമാണ് ബില്ലിനെതിരെ ഉയരുന്നത്.

ഈ സാഹചര്യത്തിലാണ് ബില്ല് ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കുന്നത്. ബില്ല് ലോക്സഭയില്‍ അവതരിപ്പിച്ചതു മുതല്‍ മേഘാലയ, അസ്സം, മിസോറാം, മണിപ്പൂര്‍ തുടങ്ങിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആരംഭിച്ച പ്രതിഷേധം ഇപ്പോഴും തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. 1971 മാര്‍ച്ച് 24 ന് ശേഷം രാജ്യത്തേക്ക് കുടിയേറിയ എല്ലാ വിഭാഗക്കാരെയും വിദേശീയരായി കണക്കാക്കുന്ന 1985ലെ അസ്സം ധാരണയുടെ ലംഘനമാണ് ഇതെന്നാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്ന വാദം.

ഇത് രാജ്യത്തിന് ഭീഷണിയാണെന്നും അവര്‍ ഉന്നയിക്കുന്നു. ബില്‍ നിയമമാവുന്നതോടെ 2014 ഡിസംബര്‍ 31 നുള്ളില്‍ രാജ്യത്ത് അഭയാര്‍ത്ഥികളായെത്തിയ ഹിന്ദു, സിക്ക്, ബുദ്ധ, പാര്‍സി ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള വ്യവസ്ഥ ലളിതമാവും.

Exit mobile version