പൗരത്വ ഭേദഗതി ബില്ല് ഇനി നിയമം: 92 നെതിരെ 117 വോട്ടുകള്‍ക്ക് രാജ്യസഭയും പാസ്സാക്കി; ആറ് മതങ്ങളില്‍പ്പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം

ന്യൂഡല്‍ഹി: രാജ്യത്തുടനീളം പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം കനക്കുമ്പോള്‍ രാജ്യസഭയിലും ബില്‍ പാസ്സാക്കി. 92 നെതിരെ 117 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് ബില്‍ അവതരിപ്പിച്ചത്.

കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ 80 നെതിരെ 311 വോട്ടുകള്‍ക്ക് ബില്‍ പാസായിരുന്നു.
ഇരുസഭകളും പാസാക്കിയ ബില്ലില്‍ ഇനി രാഷ്ട്രപതി ഒപ്പ് വയ്ക്കുന്നതോടെ പൗരത്വ ഭേദഗതി ബില്‍ നിയമമായി മാറും.

ഇന്ത്യയുടെ ചിത്രത്തിലെ കറുത്ത ദിനമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ഒറ്റരാത്രി കൊണ്ട് നിലപാട് മാറ്റുന്നവര്‍ എന്ന അമിത് ഷായുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ശിവസേന രാജ്യസഭയില്‍ നിന്നിറങ്ങിപ്പോയി.

പുതിയ നിയമപ്രകാരം പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്നും 2014 ഡിസംബര്‍ 31 വരെ ഇന്ത്യയില്‍ അഭയം പ്രാപിച്ച ഹിന്ദു, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, സിഖ്, പാഴ്‌സി ന്യൂനപക്ഷമതവിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും.

ശൂന്യവേളയില്‍ പ്രതിപക്ഷ അംഗങ്ങള്‍ വിഷയം ഉന്നയിച്ചതിനെ തുടര്‍ന്നുണ്ടായ ബഹളത്തില്‍ സഭ 12 മണിവരെ നിര്‍ത്തിവെച്ചിരുന്നു. തുടര്‍ന്ന് സഭ ചേര്‍ന്നപ്പോള്‍ അമിത് ഷാ ബില്‍ അവതരിപ്പിച്ചു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ളതാണ് ബില്ലെന്നത് കെട്ടുകഥ മാത്രമാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. വര്‍ഷങ്ങളായുള്ള വിവേചനം ഇല്ലാതാക്കുകയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നും അമിത് ഷാ വിശദീകരിച്ചു.

Exit mobile version