പൗരത്വ ഭേദഗതി; കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി; നിയമം മുസ്ലീങ്ങള്‍ക്കെതിരെയുള്ള വിവേചനമാണെന്ന് ഐക്യരാഷ്ട്ര സഭ

ജനീവ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ യുഎന്നിന്റെ മനുഷ്യാവകാശ വിഭാഗം രംഗത്ത്. പൗരത്വ നിയമ ഭേദഗതി മുസ്ലീങ്ങള്‍ക്കെതിരെയുള്ള വിവേചനമാണെന്ന് യുഎന്‍ മനുഷ്യാവകാശ വക്താവ് ജെറമി ലോറന്‍സ് പ്രതികരിച്ചു.

പൗരത്വ നിയമഭേദഗതിയില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. മുസ്ലീങ്ങള്‍ക്കെതിരെയുള്ള വിവേചനമാണ് നിയമത്തിന്റെ അടിസ്ഥാന സ്വഭാവം. പൗരത്വം നല്‍കുന്നതില്‍ നിന്ന് മുസ്ലീങ്ങളെ ഒഴിവാക്കിയത് പുനര്‍പരിശോധിക്കണമെന്നും യുഎന്‍ ആവശ്യപ്പെട്ടു.

വിവേചനപരമായ പൗരത്വ നിയമ ഭേദഗതി സുപ്രീം കോടതി തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും അന്താരാഷ്ട്ര മനുഷ്യാവാകാശ നയങ്ങള്‍ക്കനുസരിച്ച് ഇന്ത്യ പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനീവയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയായിരുന്നു ജെറമി ലോറന്‍സ്.

കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച നിയമത്തിനെതിരെ രാജ്യത്തിന്റെ വിവിധ കോണുകളില്‍ പ്രതിഷേധം കത്തുന്നതിനിടെ യുഎന്‍ രംഗത്തെത്തിയത് അന്താരാഷ്ട്ര തലത്തില്‍ നരേന്ദ്ര മോഡി സര്‍ക്കാറിന് തിരിച്ചടിയാണ്.

Exit mobile version