ഉക്രെയ്‌നില്‍ നിന്ന് ഒരാഴ്ചയ്ക്കിടെ പലായനം ചെയ്തത് 10 ലക്ഷം പേര്‍

കീവ് : റഷ്യന്‍ അധിനിവേശം ഒരാഴ്ച കടക്കവേ ഉക്രെയ്‌നില്‍ നിന്ന് ഇതുവരെ പലായനം ചെയ്തത് പത്ത് ലക്ഷം പേരെന്ന് യുഎന്‍ റിപ്പോര്‍ട്ട്. ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥി ഏജന്‍സിയായ യുഎന്‍എച്ച്‌സിആറിന്റെ കണക്കുകള്‍ പ്രകാരം ഉക്രെയ്‌നിലെ ആകെ ജനസംഖ്യയുടെ രണ്ട് ശതമാനമാണിത്.

നാല്പ്പത് ലക്ഷത്തിലേറെ ജനങ്ങള്‍ ഉക്രെയ്‌നില്‍ നിന്ന് പലായനം ചെയ്യുമെന്നായിരുന്നു യുഎന്‍ ഏജന്‍സി പ്രവചിച്ചിരുന്നത്. ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ ഉക്രെയ്‌നില്‍ നിന്ന് അയല്‍ രാജ്യങ്ങളിലേക്ക് പത്ത് ലക്ഷം അഭയാര്‍ഥികള്‍ പലായനം ചെയ്തതായി യുഎന്‍ റെഫ്യൂജി ഹൈക്കമ്മീഷണര്‍ ഫിലിപ്പോ ഗ്രാന്‍ഡി ട്വിറ്ററില്‍ കുറിച്ചു.

നിലവില്‍ ഏറ്റവും കൂടുതല്‍ അഭയാര്‍ഥി പ്രവാഹം നടന്നിട്ടുള്ള രാജ്യം സിറിയയാണ്. 2011ലെ ആഭ്യന്തര കലാപത്തില്‍ 5.6 ദശലക്ഷത്തിലധികം ആളുകളാണ് അഭയാര്‍ഥികളായത്. എന്നാല്‍ യുദ്ധം തുടങ്ങി മൂന്ന് മാസത്തിനകമാണ് സിറിയയില്‍ അഭയാര്‍ഥികളുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞത്. ഉക്രെയ്‌നിലേത് ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ അഭയാര്‍ഥി പ്രതിസന്ധിയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

Exit mobile version