ക്രൂരമായ മനുഷ്യാവകാശ ലംഘനം : യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് റഷ്യ പുറത്ത്

ജനീവ : മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് റഷ്യയെ സസ്‌പെന്‍ഡ് ചെയ്ത് യുഎന്‍. ഉക്രെയ്‌നില്‍ റഷ്യ നടത്തുന്ന ക്രൂര മനുഷ്യാവകാശ ലംഘനങ്ങളെത്തുടര്‍ന്നാണ് നടപടി.

ഉക്രെയ്ന്‍ തലസ്ഥാനമായ കീവിന് സമീപം ബൂച്ചയില്‍ കുട്ടികളടക്കം മുന്നൂറിലധികം പേരെ റഷ്യ കൂട്ടക്കൊല ചെയ്ത് കുഴിച്ചുമൂടിയതായി ഉക്രെയ്ന്‍ ആരോപിച്ചിരുന്നു. തെരുവുകളിലടക്കം മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഇന്ത്യയടക്കമുള്ള ലോകരാഷ്ട്രങ്ങള്‍ ശക്തമായ ഭാഷയിലാണ് സംഭവത്തെ അപലപിച്ചത്. ബൂച്ചയിലേതടക്കം ഉക്രെയ്‌നില്‍ റഷ്യ നടത്തുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ കണക്കിലെടുത്താണ് ഐക്യരാഷ്ട്ര സംഘടനയുടെ നടപടി. 193 രാജ്യങ്ങളില്‍ റഷ്യയ്‌ക്കെതിരെ 93 രാജ്യങ്ങളും അനുകൂലമായി 24 രാജ്യങ്ങളും വോട്ട് ചെയ്തു. ഇന്ത്യയുള്‍പ്പടെ 58 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

യുഎന്നിന്റെ നടപടിയില്‍ നന്ദിയുണ്ടെന്ന് ഉക്രെയ്ന്‍ അറിയിച്ചു. മനുഷ്യാവകാശസംരക്ഷിണത്തിനായുള്ള യുഎന്നിന്റെ കൗണ്‍സിലില്‍ യുദ്ധക്കുറ്റവാളികള്‍ക്ക് സ്ഥാനമില്ലെന്നും ശരിയായ ഭാഗത്ത് നിന്ന് സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും ഉക്രെയ്ന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ ട്വിറ്ററില്‍ കുറിച്ചു.

Exit mobile version