സിവില്‍ സര്‍വീസ് അഭിമുഖത്തില്‍ പുറത്താകുന്നവര്‍ നിരാശരാകേണ്ട; സര്‍ക്കാര്‍ ജോലി ലഭിക്കും

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷയുടെ ഇന്റര്‍വ്യൂ റൗണ്ടില്‍ പുറത്താകുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചേക്കും. കേന്ദ്രസര്‍ക്കാരിനും വകുപ്പുകള്‍ക്കും ഇതു സംബന്ധിച്ച് യുപിഎസ്‌സി ചെയര്‍മാന്‍ അരവിന്ദ് സക്സേന നിര്‍ദേശം നല്‍കിയതായി പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഒഡീഷയില്‍ സ്റ്റേറ്റ് പിഎസ്‌സി ചെയര്‍മാന്മാരുടെ കോണ്‍ഫറന്‍സില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

പതിനൊന്ന് ലക്ഷത്തോളം പേര്‍ അപേക്ഷിക്കുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ എഴുതുന്നത് പകുതിയോളം പേരും പിന്നീട് പല ഘട്ടങ്ങളിലായി 600 പേരെ മാത്രമാണ് തിരഞ്ഞെടുക്കുന്നതെന്ന് സക്സേന ചൂണ്ടിക്കാണിക്കുന്നു.

എല്ലാ കടമ്പകളും മറികടന്ന് അഭിമുഖത്തിനെത്തുന്നവര്‍ രാജ്യത്തെ ഏറ്റവും മികച്ച ഉദ്യോഗാര്‍ഥികളാണെന്ന് സക്സേന പറയുന്നു. ഇവരെ മറ്റ് വകുപ്പുകളിലെ ഒഴിവുകളിലേക്ക് പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സിവില്‍ സര്‍വീസ് പരീക്ഷയില്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കമ്മീഷന്‍ ആലോചിക്കുന്നതായി സക്സേന അറിയിച്ചു. 2018ലെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് എട്ട് ലക്ഷത്തോളം പേരാണ് അപേക്ഷിച്ചത്. ആകെയുള്ള 780 ഒഴിവുകളിലേക്ക് 10,500 പേരാണ് മെയിന്‍ പരീക്ഷയ്ക്ക് യോഗ്യത നേടിയത്.

Exit mobile version