പ്രിയങ്കാ ഗാന്ധിയെ ഏറ്റെടുത്ത് ജനസമുദ്രം: ആദ്യ റോഡ് ഷോയ്ക്ക് എത്തിയത് വന്‍ ജനക്കൂട്ടം, യുപിയില്‍ സര്‍ക്കാറുണ്ടാക്കിയിട്ടേ പിന്നോട്ടുള്ളൂ, രാഹുല്‍

ലഖ്‌നൗ: എഐസിസി ജനറല്‍ സെക്രട്ടറിയായി പുതിയ ഉദ്യമത്തിലേക്ക് കാലെടുത്തുവച്ച പ്രിയങ്കാ ഗാന്ധിയെ ഏറ്റെടുത്ത് ജനസമുദ്രം. ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവിലായിരുന്നു പ്രിയങ്കയുടെ ആദ്യ റോഡ് ഷോ. സഹോദരനും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവര്‍ക്കൊപ്പം തുറന്ന വാഹനത്തില്‍ എത്തിയ പ്രിയങ്കയെ കാണാന്‍ വന്‍ ജനക്കൂട്ടമാണ് എത്തിയത്.

ഇതാദ്യമായല്ല പ്രിയങ്ക റോഡ് ഷോകള്‍ നടത്തുന്നത്. മുമ്പ ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ രാഹുല്‍ ഗാന്ധിക്കു വേണ്ടി അമേഠിയിലും സോണിയാ ഗാന്ധിക്കു വേണ്ടി റായ് ബറേലിയിലും പ്രിയങ്ക റോഡ് ഷോകള്‍ നടത്തിയിരുന്നു. എന്നാലും അമേഠിക്കും റായ്ബറേലിക്കും പുറത്ത് പ്രിയങ്ക റോഡ് ഷോ നടത്തുന്നത് ആദ്യമാണ്.

ജ്യോതിരാദിത്യ സിന്ധ്യയും പ്രിയങ്കയും ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തിനു വേണ്ടി യോജിച്ച് പ്രവര്‍ത്തിക്കും. എന്നാല്‍ അവരുടെ ദൗത്യം അതിനപ്പുറം നിയമസഭാ തിരഞ്ഞെടുപ്പു വരെയാണ്. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കും വരെ തങ്ങള്‍ പിന്നോട്ടുപോകില്ല- റോഡ് ഷോയ്‌ക്കെത്തിയവരോട് രാഹുല്‍ പറഞ്ഞു. ഷോയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിക്കാനും രാഹുല്‍ മറന്നില്ല. ചൗക്കീദാര്‍ ചോര്‍ ഹേ(കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന മുദ്രാവാക്യം രാഹുല്‍ പലകുറി ഉയര്‍ത്തി.

പ്രിയങ്കയുടെയും മുത്തശ്ശി ഇന്ദിര ഗാന്ധിയുടെയും ചിത്രങ്ങളുള്ള പോസ്റ്ററുകളും റോഡ് ഷോ നടന്ന സ്ഥലത്ത് കാണാമായിരുന്നു. കൈ വീശിയും കൈകൂപ്പിയും വിജയമുദ്ര കാണിച്ചുമാണ് പ്രിയങ്ക ജനങ്ങളെ അഭിവാദ്യം ചെയ്തത്.

എണ്‍പത് ലോക്സഭാ മണ്ഡലങ്ങളുള്ള ഉത്തര്‍പ്രദേശില്‍ മികച്ച വിജയം നേടുകയെന്നത് കോണ്‍ഗ്രസിന് അനിവാര്യമാണ്. ഉത്തര്‍പ്രദേശില്‍ എസ്പി- ബിഎസ്പി സഖ്യത്തെയും ബിജെപിയെയും പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രിയങ്കാ ഗാന്ധിയെ സജീവ രാഷ്ട്രീയത്തിലേക്ക് കോണ്‍ഗ്രസ് കൊണ്ടുവന്നത്.

Exit mobile version