വ്യാജ മദ്യവ്യവസായം വളര്‍ത്തിയത് ബിജെപിയെന്ന് പ്രിയങ്കാ ഗാന്ധി: മരിച്ചവരുടെ ബന്ധുക്കളും ബിജെപി സര്‍ക്കാറിനെതിരെ രംഗത്ത്

ലക്‌നൗ: ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരിലും സമീപ പ്രദേശങ്ങളിലുമായുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ പ്രതിഷേധവുമായി രംഗത്ത്. മരിച്ചവരുടെ കുടുംബങ്ങള്‍ റോഡ് ഉപരോധിക്കുകയാണ്. മരിച്ചവരുടെ ഭാര്യമാര്‍ക്ക് ജോലിയും മക്കള്‍ക്ക് സൗജന്യ വിദ്യഭ്യാസവും നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഉപരോധം.

ഇതിനിടെ വ്യാജമദ്യ ദുരന്തത്തില്‍ നൂറോളം ആളുകള്‍ മരിച്ച സംഭവത്തില്‍ അപലപിച്ച് കോണ്‍ഗ്രസ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്തെത്തി. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ വിഷമദ്യദുരന്തത്തില്‍ നൂറോളം പേര്‍ മരിക്കാനിടയായ സംഭവം ഞെട്ടിക്കുന്നതാണെന്ന് പ്രിയങ്കാഗാന്ധി പറഞ്ഞു.

രണ്ട് സംസ്ഥാനങ്ങളും ഭരിക്കുന്ന ബിജെപി സര്‍ക്കാരുകളുടെ പിന്തുണയില്ലാതെ വ്യാജ മദ്യവ്യവസായം ഇത്തരത്തില്‍ തഴച്ചു വളരില്ലെന്ന് അവര്‍ ആരോപിച്ചു. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മതിയായ നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും നല്‍കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

ഉത്തര്‍പ്രദേശിലെ സഹാരന്‍പൂര്‍, ഖുഷിനഗര്‍, മീററ്റ്, റൂര്‍ഖി എന്നിവിടങ്ങളിലാണ് ദുരന്തമുണ്ടായത്. ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്ഡിലെയും അതിര്‍ത്തി ജില്ലകള്‍ വ്യാജമദ്യം വന്‍ തോതില്‍ വിറ്റഴിക്കുന്ന മേഖലകളാണ്.

ഉത്തര്‍പ്രദേശിലെ സഹാരണ്‍പൂര്‍ ജില്ലയിലാണ് ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരണാന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ ഉത്തരാഖണ്ഡിലേക്ക് പോയ ആളുകള്‍ക്കാണ് ദുരന്തം സംഭവിച്ചത്. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ ഒരു വീട്ടില്‍നിന്നാണ് ഇവര്‍ മദ്യം വാങ്ങിയത്. ഇവരുടെ കൂട്ടത്തിലെ ഒരാള്‍ സഹരാന്‍പൂരിലേക്ക് മദ്യം കടത്തി വില്‍പ്പന നടത്തി. പിന്റു എന്നയാളാണ് മദ്യം കൊണ്ടുവന്ന് വില്‍പ്പന നടത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് ഖുശിനഗറിലെ ജില്ലാ എക്‌സൈസ് ഓഫീസര്‍, ജില്ലാ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. കേസില്‍ മുപ്പതോളം പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം മരിച്ചവര്‍ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവര്‍ക്ക് രണ്ട് ലക്ഷം വീതവും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ക്ക് 50,000 രൂപ വീതവും സഹായധനം നല്‍കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. യോഗി ആദിത്യനാഥിന്റെ നിര്‍ദേശപ്രകാരം ഉത്തര്‍പ്രദേശിലെ അനധികൃത മദ്യഷാപ്പുകള്‍ക്കെതിരെ പോലീസ് നടപടി ആരംഭിച്ചിട്ടുണ്ട്.

Exit mobile version