42 വര്‍ഷം നീതിക്കായി കാത്തു; ഒടുവില്‍ പോലീസുദ്യോഗസ്ഥന് മരണശേഷം ഐപിഎസ് പദവി നല്‍കി സുപ്രീംകോടതി; നെട്ടോട്ടം ഓടിപ്പിച്ച സര്‍ക്കാരിനും പോലീസിനും ലക്ഷങ്ങള്‍ പിഴയും!

ന്യൂഡല്‍ഹി: നീതിക്കായി ഓടിയിട്ടും മരണം വരെ നീതി ലഭിക്കാത്ത പോലീസ് ഉദ്യോഗസ്ഥന് ഒടുവില്‍ ഐപിഎസ് പദവി നല്‍കി സുപ്രീംകോടതി. ഹിമാചല്‍ പ്രദേശ് സ്വദേശിയായിരുന്ന ചുന്നി ലാല്‍ ശര്‍മ്മയ്ക്കാണ് മരിച്ച് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ‘നീതി’ ലഭിച്ചിരിക്കുന്നത്. 42 വര്‍ഷമായി നിഷേധിക്കപ്പെട്ട പദവിയ്ക്ക് വേണ്ടി ചുന്നി ലാല്‍ ശര്‍മ്മയും ഭാര്യയും ഒട്ടേറെ നിയമപോരാട്ടങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ചുന്നി ശര്‍മ്മ മരണപ്പെട്ടതോടെ നിയമപോരാട്ടം തുടര്‍ന്ന ഭാര്യ അദ്ദേഹത്തിന് അനുകൂലമായ വിധി പിന്നീട് ഭാര്യയും നടത്തിയ നിയമപോരാട്ടത്തിലാണ് സുപ്രീം കോടതിയില്‍ നിന്ന് അന്തിമവിധിയുണ്ടായത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായുള്ള ബെഞ്ചാണ് ചുന്നി ലാലിന് ഐപിഎസ് ഉദ്യോഗസ്ഥന്റേതായ എല്ലാ ആനുകൂല്യങ്ങളും നല്‍കിക്കൊണ്ട് ഉത്തരവിട്ടത്.

ഹിമാചല്‍ സര്‍ക്കാരിനും യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷനും സുപ്രീം കോടതി അഞ്ച് ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തു. ഉദ്യോഗസ്ഥനേയും വിധവയേയും ദീര്‍ഘനാള്‍ വലച്ചതിനാണ് സംസ്ഥാനസര്‍ക്കാരിനും യുപിഎസ്‌സിക്കും പിഴ വിധിച്ചത്.

1977 മുതല്‍ നീതി രഹിതമായി ശര്‍മ്മയ്ക്ക് സ്ഥാനക്കയറ്റം നിഷേധിക്കുകയായിരുന്നെന്ന് കോടതി നിരീക്ഷിച്ചു. 1954ലാണ് ചുന്നി ലാല്‍ ശര്‍മ്മ ഹിമാചല്‍ പ്രദേശ് പോലീസ് ഡിപ്പാര്‍ട്‌മെന്റിന്റെ ഭാഗമാകുന്നത്. 1971 ജനുവരിയില്‍ കേന്ദ്ര ഭരണപ്രദേശമായിരുന്ന ഹിമാചല്‍ പ്രദേശിന് പൂര്‍ണ്ണ സംസ്ഥാന പദവി ലഭിച്ചപ്പോള്‍ മറ്റ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ശര്‍മ്മയ്ക്കും പുനര്‍നിയമനം ലഭിച്ചു. എങ്കിലും ഡിഎസ്പി ആയി സേവനം അനുഷ്ഠിച്ചെങ്കിലും പരിചയസമ്പത്തിന്റെ അടിസ്ഥാനത്തില്‍ ലഭിക്കേണ്ട ഐപിഎസ് പദവി നിഷേധിക്കപ്പെട്ടു.

1981ല്‍ ചുന്നി ലാല്‍ ശര്‍മ്മയുടെ പദവികള്‍ സെലക്ഷന്‍ കമ്മിറ്റി പുനഃനിര്‍ണ്ണയിച്ചെങ്കിലും നടപ്പില്‍ വരുത്തിയില്ല. ശര്‍മ്മയുടെ സീനിയോരിറ്റി ലിസ്റ്റില്‍ മാറ്റം വരുത്തണമെന്ന് 2009ല്‍ ഹിമാചല്‍ പ്രദേശ് ഹൈക്കോടതി യുപിഎസ്‌സിയോട് ഉത്തരവിട്ടിരുന്നു.

ശര്‍മ്മയുടെ 1971-76 കാലഘട്ടത്തിലെ വാര്‍ഷിക റിപ്പോര്‍ട്ട് നഷ്ടപ്പെട്ടെന്നും സംസ്ഥാന സര്‍ക്കാരിന്റെ പക്കലാണ് ഇത് ഉണ്ടാകേണ്ടിയിരുന്നതെന്നുമായിരുന്നു യുപിഎസ്‌സിയുടെ വാദം.

Exit mobile version