‘ഗോ ബാക്ക് മോഡി’ എന്ന് പറയുന്നവര്‍ ഞാന്‍ വീണ്ടും അധികാരത്തില്‍ വരണമെന്ന് ആഗ്രഹിക്കുന്നവരാണ്; പ്രതിഷേധിക്കുന്നവരോട് നരേന്ദ്ര മോഡി

ഹൈദരാബാദ്: ലോക്സഭ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള ആന്ധ്രാപ്രദേശ് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാവുന്നു.

അതേസമയം, ഗോ ബാക്ക് മോഡി എന്ന മുദ്രാവാക്യം ഉയര്‍ത്തി പ്രതിഷേധിക്കുന്നവര്‍ താന്‍ ദല്‍ഹിയില്‍ തിരിച്ചു പോയി ഭരണം തുടരുന്നത് കാണാന്‍ ആഗ്രഹിക്കുന്നവരാണെന്ന് മോഡി പ്രതികരിച്ചു.

‘അവര്‍ക്ക് ഞാന്‍ ഡല്‍ഹിയിലേക്ക് തിരിച്ചു പോയി വീണ്ടും അധികാരത്തില്‍ വരണം’- ഗുണ്ടൂരിലെ റാലിയില്‍ സംസാരിക്കവേ മോഡി പറഞ്ഞു.

‘സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ടീച്ചര്‍മാര്‍ നമ്മളെ അടുത്തു വിളിച്ച് പിന്നീട് പോകാന്‍ പറയില്ലെ. എന്നോട് തിരികെ ദല്‍ഹിയില്‍ പോയി അധികാരത്തിലിരിക്കാന്‍ ആവശ്യപ്പെട്ട ടിഡിപിയോട് ഞാന്‍ കടപ്പെട്ടവനായിരിക്കും. ഇന്ത്യന്‍ ജനതയില്‍ എനിക്ക് വിശ്വാസമുണ്ട്. അവര്‍ ടിഡിപിയുടെ ആവശ്യം നിറവേറ്റി മോഡിയെ വീണ്ടും ദല്‍ഹിയില്‍ അധികാരത്തിലേറ്റും’- റാലിക്കിടെ മോഡി പറഞ്ഞു.

ആന്ധ്രപ്രദേശിന് പ്രത്യക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ടിഡിപി എന്‍ഡിഎയുമായുള്ള സഖ്യം ഉപേക്ഷിച്ചതിനു ശേഷം ആദ്യമായാണ് മോഡി സംസ്ഥാനത്തെത്തുന്നത്. കറുത്ത ഷര്‍ട്ടുകളണിഞ്ഞ ടിഡിപി പ്രവര്‍ത്തകര്‍ മോഡി ഗോ ബാക്ക് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രധാനമന്ത്രിയെ സംസ്ഥാനത്ത് വരവേറ്റത്.

തെലുങ്ക്‌ദേശം പാര്‍ട്ടിയെ കൂടാതെ ഇടതു പാര്‍ട്ടികള്‍, കോണ്‍ഗ്രസ്, വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ എന്നവരും മോഡിക്കെതിരെ സംസ്ഥാനമുടനീളം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

സംസ്ഥാനത്തെ ജനങ്ങളെ സംബന്ധിച്ചിടത്തോളം കറുത്തദിനമാണ് മോഡിയുടെ സന്ദര്‍ശനമെന്ന് പാര്‍ട്ടിനേതാക്കളുമായുള്ള ടെലികോണ്‍ഫറന്‍സില്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞിരുന്നു. സന്ദര്‍ശനത്തിന് എതിരെ പ്രതിഷേധം ശക്തമാക്കാനും അദ്ദേഹം ആഹ്വാനം ചെയ്തതായി ഹിന്ദുസ്ഥാന്‍ ടൈസും റിപ്പോര്‍ട്ട് ചെയിതിരുന്നു.

ആന്ധ്രയിലെത്തുന്ന മോഡി വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. അഞ്ച് ദിവസം കൊണ്ട് പത്ത് സംസ്ഥാനങ്ങളിലാണ് സന്ദര്‍ശനം നടത്തുന്നത്. കഴിഞ്ഞ തവണ പ്രധാനമന്ത്രി തമിഴ്നാട്ടിലെ മധുരയില്‍ സന്ദര്‍ശനം എത്തിയപ്പോഴും ഇത്തരത്തില്‍ ഗോ ബാക്ക് മോഡി പ്രതിഷേധം ഉണ്ടായിരുന്നു.

ഗജ ചുഴലിക്കാറ്റില്‍ തമിഴ്നാട്ടിന്റെ വിവിധ ഭാഗങ്ങളില്‍ നാശനഷ്ടം വരുത്തിയിട്ടും ജനങ്ങളെ സഹായിക്കാന്‍ തയ്യാറാകാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് ഗോ ബാക്ക് മോഡി ഹാഷ് ടാഗുകള്‍ ഉയര്‍ന്നുവന്നത്.

Exit mobile version