പരീക്ഷയില്‍ പരാജയപ്പെട്ടാലും ലക്ഷങ്ങള്‍ നല്‍കിയാല്‍ സര്‍ട്ടിഫിക്കറ്റ് ഉറപ്പ്! 57 ‘വ്യാജ ഡോക്ടര്‍മാരുടെ’ ലൈസന്‍സ് റദ്ദാക്കി

ലൈസന്‍സ് മഹാരാഷ്ട്ര മെഡിക്കല്‍ കൗണ്‍സില്‍ റദ്ദാക്കി. ബിരുദാനന്തര ബിരുദത്തിനു ശേഷം പുനര്‍രജിസ്ട്രേഷന് അപേക്ഷ നല്‍കിയിരുന്ന 57 പേരുടെ ബിരുദവും വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

മുംബൈ: എംബിബിഎസ് ബിരുദം വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 57 ‘വ്യാജ ഡോക്ടര്‍മാരുടെ’ ലൈസന്‍സ് മഹാരാഷ്ട്ര മെഡിക്കല്‍ കൗണ്‍സില്‍ റദ്ദാക്കി. ബിരുദാനന്തര ബിരുദത്തിനു ശേഷം പുനര്‍രജിസ്ട്രേഷന് അപേക്ഷ നല്‍കിയിരുന്ന 57 പേരുടെ ബിരുദവും വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

2014-15 ല്‍ മുംബൈയിലെ കോളേജ് ഓഫ് ഫിസിഷ്യന്‍സ് & സര്‍ജന്‍സ്(സിപിസി)യില്‍ നിന്ന് ബിരുദം നേടിയവരാണ് 57 പേരും. ഇവരുടെ ബിരുദം വ്യാജമാണെന്ന സംശയത്തെ തുടര്‍ന്ന് 2018 ഒക്ടോബറില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. വിദ്യാര്‍ത്ഥികളില്‍ നിന്ന് പണം വാങ്ങി വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തിരുന്ന സിപിസിയിലെ മുന്‍ വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റു ചെയ്തു.

അറസ്റ്റിലായ ഡോ. സ്നേഹല്‍ ന്യാതി മൂന്ന് മുതല്‍ അഞ്ച് ലക്ഷം രൂപ വരെ ബിരുദ സര്‍ട്ടിഫിക്കറ്റിനായി മെഡിക്കല്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് കൈപ്പറ്റിയിരുന്നതായി പോലീസ് പറഞ്ഞു. പരീക്ഷയില്‍ പരാജയപ്പെട്ടാലും സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഇയാള്‍ ഉറപ്പു നല്‍കിയിരുന്നു. 2016 ലാണ് വ്യാജബിരുദത്തെ കുറിച്ച് പോലീസിന് സംശയം തുടങ്ങിയത്. തുടര്‍ന്ന് കോളേജ് അധികൃതര്‍ക്ക് കത്തയച്ചു. കോളേജ് ഇത്തരത്തിലൊരു ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി.

സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൗണ്‍സിലില്‍ ലഭിച്ച അപേക്ഷകള്‍ പുനഃപരിശോധന നടത്തി. തുടര്‍ന്ന് 2014 ലും 2015 ലും ലഭിച്ച അപേക്ഷകളില്‍ 78 പേരുടേത് വ്യാജസര്‍ട്ടിഫിക്കറ്റ് ആണെന്ന് കണ്ടെത്തുകയായിരുന്നു. സിപിസിയാണ് വ്യാജ ബിരുദത്തിന് പിന്നിലെന്നും തന്നെ ഇതില്‍ ഇരയാക്കുകയായിരുന്നുവെന്നും അറസ്റ്റിലായ ഡോ. സ്നേഹല്‍ ന്യാതി അറിയിച്ചു. എന്നാല്‍ കോളേജ് അധികൃതര്‍ ഈ ആരോപണം നിഷേധിച്ചു. പ്രാക്ടീസിനുള്ള ലൈസന്‍സ് അനുവദിക്കുന്നതിന് മുമ്പ് സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കേണ്ട ചുമതലയും ഉത്തരവാദിത്തവും മെഡിക്കല്‍ കൗണ്‍സിലിനാണെന്ന് സിപിസി അധികൃതര്‍ പറഞ്ഞു.

Exit mobile version