റഫാല്‍ കരാര്‍ ഒപ്പിട്ടത് പ്രതിരോധ മന്ത്രി പോലും അറിയാതെ! കരാറില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വഴി വിട്ട് ഇടപെട്ടെന്ന വാര്‍ത്ത ഞെട്ടല്‍ ഉണ്ടാക്കി; എകെ ആന്റണി

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വഴി വിട്ട് ഇടപെട്ടന്ന വാര്‍ത്ത ഞെട്ടല്‍ ഉണ്ടാക്കിയയെന്ന് മുന്‍ പ്രതിരോധമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എകെ ആന്റണി. റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു എകെ ആന്റണി.

റഫാല്‍ കരാര്‍ ഒപ്പിട്ടത് പ്രതിരോധ മന്ത്രി പോലും അറിയാതെയാണെന്നാണ് വ്യക്തമാകുന്നത്. പ്രധാനമന്ത്രി ഫ്രാന്‍സില്‍ പോയി വിമാനങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കി കരാര്‍ ഉണ്ടാക്കിയത് നിയമപരമായി തെറ്റാണ്.ബാങ്ക് ഗ്യാരണ്ടി ഒഴിവാക്കിയത് ദേശതാല്പര്യത്തിനു എതിരാണ്. പ്രതിരോധ മന്ത്രാലയത്തിനെ മറി കടന്നു പ്രധാനമന്ത്രി യുടെ ഓഫീസ് ഇടപെട്ടുവെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് സര്‍ക്കാരുമായി സമാന്തര ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഇതില്‍ എതിര്‍പ്പ് അറിയിച്ച പ്രതിരോധ വകുപ്പ് സമാന്തരചര്‍ച്ച ഒഴിവാക്കണമെന്ന് അറിയിച്ചു. 2015 നവംബറില്‍ വഴിവിട്ട ഇടപാടിനെ എതിര്‍ത്ത് പ്രതിരോധ സെക്രട്ടറി മോഹന്‍ കുമാര്‍, പ്രതിരോധ മന്ത്രിക്ക് അയച്ച കത്തിന്റെ വിവരങ്ങള്‍ ഒരു ദേശീയ മാധ്യമം പുറത്തുവിട്ടത്തോടെ റഫാല്‍ ഇടപാടിലെ വിവാദം വീണ്ടും ശക്തമായത്.

റഫാലിനെപ്പോലൊരു നിര്‍ണായക ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നത് ഇന്ത്യയുടെ വിലപേശല്‍ ശേഷിയെ കാര്യമായി ബാധിയ്ക്കുമെന്നാണ് മുന്‍ പ്രതിരോധസെക്രട്ടറി ജി മോഹന്‍ കുമാര്‍ ഫയലില്‍ എഴുതിയത്. പ്രധാനമന്ത്രിയുടെ ഓഫീസ് റഫാല്‍ ഇടപാടില്‍ ഇടപെടുന്നതില്‍ പ്രതിരോധവകുപ്പിന് ശക്തമായ എതിര്‍പ്പുണ്ടായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഈ രേഖ.

Exit mobile version