ഇന്ത്യയിലെ റോഡുകള്‍ ‘അടിപൊളി’! ഗതാഗതമന്ത്രിയുടെ റോഡ് വികസനത്തിന് സോണിയ ഗാന്ധിയുടെ കൈയ്യടി

രാജ്യത്തെ അടിസ്ഥാന സൗകര്യവികസനത്തില്‍ ഗഡ്കരി മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെന്ന് സോണിയ ഗാന്ധി ലോകസഭയില്‍ പറഞ്ഞു.

ന്യൂഡല്‍ഹി; പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പലതവണ പരോക്ഷമായി വിമര്‍ശിക്കുന്ന കേന്ദ്ര ഉപരിതല ഗതാഗതമന്ത്രിയുടെ റോഡ് വികസനത്തിന് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ കൈയ്യടി.

രാജ്യത്തെ അടിസ്ഥാന സൗകര്യവികസനത്തില്‍ ഗഡ്കരി മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെന്ന് സോണിയ ഗാന്ധി ലോകസഭയില്‍ പറഞ്ഞു. ലോകസഭയില്‍ നടന്ന ചോദ്യോത്തര വേളയില്‍ രാജ്യത്തെ റോഡ് വികസനവുമായി ബന്ധപ്പെട്ട് വിശദമായ വിവരണം നല്‍കിയ ഗഡ്കരി തന്റെ ഉത്തരവാദിത്വം നിറവേറ്റിയതിന് അതാതു മണ്ഡലങ്ങളിലെ എംപിമാര്‍ രാഷ്ട്രീയ വൈരം മറന്ന് തന്നെ അഭിനന്ദിച്ചിരുന്നുവെന്ന് ലോകസഭയില്‍ പറഞ്ഞു. ഇതോടെ, ഡെസ്‌കില്‍ അടിച്ച് ബിജെപി എംപിമാര്‍ അദ്ദേഹത്തെ അഭിനന്ദിച്ചു.

അടിസ്ഥാന സൗകര്യ വികസനത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ഗഡ്കരിയെ സഭ ഒന്നടങ്കം അഭിനന്ദിക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംപി അഭ്യര്‍ത്ഥിച്ചു. ഈ സമയം, ഗഡ്കരിയുടെ പ്രസംഗം കേട്ടുകൊണ്ടിരുന്ന സോണിയ ഗാന്ധി ഡെസ്‌കില്‍ അടിച്ചു ഗഡ്കരിക്ക് അഭിനന്ദനമറിയിക്കുകയായിരുന്നു.

ഇവര്‍ക്ക് പുറമെ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളിലൊരാളായ മല്ലകാര്‍ജുന്‍ ഖാര്‍ഗെയും ഡെസ്‌കിലടിച്ച് അഭിനന്ദനമറിയിച്ചു. ഉത്തര്‍ പ്രദേശിലെ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലെ റോഡ് വികസനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം സോണിയ നിഥിന്‍ ഗഡ്കരിക്ക് കത്തെഴുതിയിരുന്നു.

Exit mobile version