പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പത്ത് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു; ആയുധങ്ങള്‍ പിടിച്ചെടുത്തു, മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും

വനത്തില്‍ മാവോയിസ്റ്റുകള്‍ പരിശീലന ക്യാമ്പ് നടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ തെരച്ചിലാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്

ബീജാപ്പൂര്‍: ഛത്തീസ്ഗഢിലെ ബീജാപ്പൂര്‍ ജില്ലയില്‍ പോലീസും മാവോയിസ്റ്റും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പത്ത് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഇവരുടെ കൈയില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തുവെന്നും തെരച്ചില്‍ തുടരുകയാണെന്നും പോലീസ് മാധ്യമങ്ങളെ അറിയിച്ചു. ഇന്ദ്രാവതി നദിയ്ക്ക് സമീപം അഭുജാമാദ് എന്ന സ്ഥലത്ത് വെച്ചാണ് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലുണ്ടായത്.

വനത്തില്‍ മാവോയിസ്റ്റുകള്‍ പരിശീലന ക്യാമ്പ് നടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ തെരച്ചിലാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. അതേ സമയം പോലീസ് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ പുറത്ത് എത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് പ്രാഥമിക വിവരങ്ങളാണെന്നും മരണസംഖ്യ ഇനിയും കൂടിയേക്കാമെന്നും പോലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ശനിയാഴ്ച്ച സുക്മ ജില്ലയില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിനിടെ സ്ത്രീ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്ന ആരോപണവും ഉയര്‍ന്നു വന്നിട്ടുണ്ട്. ഗ്രാമവാസികളാണ് ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്.
അതേ സമയം കൊല്ലപ്പെട്ട സ്ത്രീ മാവോയിസ്റ്റ് അല്ലെന്നും ഇവര്‍ ഏറ്റുമുട്ടലിനിടയില്‍ പെട്ടു പോയതാണെന്നാണ് പോലീസ് പറയുന്നത്.

Exit mobile version