ബജറ്റില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഗോശാലകള്‍ക്കായി നീക്കി വെച്ചത് 450 കോടി

ബജറ്റ് അവതരണവേളയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥും സഭയിലുണ്ടായിരുന്നു.

ലഖ്‌നൗ: ഉത്തര്‍പ്രദേശ് ബജറ്റില്‍ ഗോശാലകള്‍ക്ക് യോഗി സര്‍ക്കാര്‍ നീക്കി വച്ചത് 450 കോടി രൂപ. നിയമസഭയില്‍ അവതരിപ്പിച്ച മൂന്നാമത്തെ ബജറ്റിലാണ് നിര്‍ണായക പ്രഖ്യാപനം. ധനമന്ത്രിയായ രാജേഷ് അഗര്‍വാളാണ് ബജറ്റ് പ്രസംഗം നടത്തിയത്. ബജറ്റ് അവതരണവേളയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥും സഭയിലുണ്ടായിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാരെ ആകര്‍ഷിക്കുന്ന ചില ജനപ്രിയ പദ്ധതികളും സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചട്ടുണ്ട്. രാജ്യത്ത് തന്നെ ആദ്യമായാണ് ഗോശാലകള്‍ക്കായി ഇത്രയധികം തുക ഒരു യുപി സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തുന്നത്.

247.60 കോടി രൂപയാണ് ഗോശാലകളുടെ നിര്‍മാണത്തിനും പരിപാലനത്തിനുമായി വകയിരുത്തിയിരിക്കുന്നത്. നഗരമേഖലയില്‍ കന്‍ഹ ഗോശാല, പശുസംരക്ഷണ സ്‌കീം എന്നിവയ്ക്കാണ് 200 കോടി രൂപ.

സംസ്ഥാനത്തെ ക്രമസമാധാനനിലയില്‍ കാര്യമായ പുരോഗമനമുണ്ടെന്നാണ് ബജറ്റില്‍ പറയുന്നത്. ”സാധാരണക്കാരന് ഇപ്പോള്‍ സ്ഥിതി സമാധാനപരമായി തോന്നുന്നുണ്ടെന്നും സ്ത്രീകള്‍ക്ക് ധൈര്യമായി പുറത്തിറങ്ങി നടക്കാനാകുന്നുണ്ടെന്നും” ബജറ്റില്‍ പരാമര്‍ശമുണ്ട്.

ബജറ്റ് സമ്മേളനം തുടങ്ങിയ ദിവസം ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗം പ്രതിപക്ഷം തടസ്സപ്പെടുത്തിയിരുന്നു. ‘ഗവര്‍ണര്‍ തിരികെപ്പോകണം’ എന്ന് മുദ്രാവാക്യം വിളിച്ച എസ്പി, ബിഎസ്പി അംഗങ്ങള്‍, പോഡിയത്തില്‍ നിന്ന് പേപ്പര്‍ ഉണ്ടകള്‍ ഗവര്‍ണര്‍ക്ക് നേരെ എറിയുകയും ചെയ്തു.

Exit mobile version