കോവിഡ് വ്യാപനം : പശുക്കള്‍ക്ക് ഹെല്‍പ് ഡെസ്‌കുകളുമായി യോഗി ആദിത്യനാഥ്

ലക്ക്‌നൗ : കോവിഡ് വ്യാപനം നിയന്ത്രണാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കെ, പശുക്കള്‍ക്ക് ഹെല്‍പ് ഡെസ്‌കുകളുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
എല്ലാ ജില്ലകളിലും ഹെല്‍പ് ഡെസ്‌കുകള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം.സംസ്ഥാനത്തെ എല്ലാ ഗോശാലകളും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും പശുക്കളുടെ തെര്‍മല്‍ സ്‌കാനിംഗ് നിര്‍ബന്ധമാക്കണമെന്നും നിര്‍ദേശമുണ്ട്.
ഗോശാലകളില്‍ പശുക്കള്‍ക്കാവശ്യമായ ഓക്‌സീമീറ്റേഴ്‌സ്, തെര്‍മല്‍ സ്‌കാനേഴ്‌സ് തുടങ്ങിയ മെഡിക്കല്‍ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുമെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.
ഗോവധ നിരോധന നിയമം ഏര്‍പ്പെടുത്തിയതില്‍ പിന്നെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന കന്നുകാലികളുടെ എണ്ണം ഉത്തര്‍പ്രദേശില്‍ ക്രമാതീതമായി വര്‍ധിച്ചിരുന്നു.ഇവയെ പരിപാലിക്കുന്നതിനായി സര്‍ക്കാര്‍ വക പരിപാലന കേന്ദ്രങ്ങള്‍ അല്ലെങ്കില്‍ ഗോശാലകളുണ്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇത്തരത്തിലുള്ള 5,268 ഗോശാലകളിലായി അഞ്ച് ലക്ഷത്തിന് മുകളില്‍ പശുക്കളുണ്ട്. ഗ്രാമങ്ങളിലും നഗരങ്ങളിലുമായുള്ള 4,529 താല്ക്കാലിക കേന്ദ്രങ്ങളില്‍ നാലായിരത്തിന് മുകളിലും പശുക്കളുണ്ട്.
ഇത് കൂടാതെ പശുക്കള്‍ക്കായി നിര്‍മിച്ചിരിക്കുന്ന സങ്കേതങ്ങളില്‍ 57,639 പശുക്കളെയും പാര്‍പ്പിച്ചിട്ടുണ്ട്. ഉടമസ്ഥരില്ലാത്ത പശുക്കളെ എടുത്ത വളര്‍ത്തുന്ന കര്‍ഷകര്‍ക്ക് മാസം 900 രൂപ വീതം നല്‍കുന്ന പദ്ധതിയും സര്‍ക്കാര്‍ നടത്തി വരുന്നുണ്ട്. 44,651 ഷെല്‍ട്ടറുകളിലായി ആകെമൊത്തം 85,869ഓളം പശുക്കളാണ് ഇത്തരത്തില്‍ സംരക്ഷിക്കപ്പെടുന്നത്. അനൗദ്യോഗിക കണക്കുകളെടുത്താല്‍ ഈ സംഖ്യ ഇനിയും കൂടും.
ഇപ്പോഴത്തെ സാഹചര്യത്തില്‍ എഴുന്നൂറ് ഹെല്‍പ് ഡെസ്‌കുകളാണ് വിവിധ ജില്ലകളിലായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. പശുക്കള്‍ക്കായി 51 ഓക്‌സീമീറ്ററുകളും 341 തെര്‍മല്‍ സ്‌കാനറുകളും ഇതുവരെ നല്‍കിയിട്ടുണ്ട്.

Exit mobile version