‘ട്രിപ്പിള്‍ സെവന്‍’! നേവിയുടെ കരുത്ത് ഇരട്ടിയാക്കാന്‍ ഇസ്രായേലുമായി ഇന്ത്യയുടെ ദശലക്ഷങ്ങളുടെ കരാര്‍

ഇന്ത്യന്‍ നേവി ഇസ്രയേലിന്റെ പൊതുമേഖലാ പ്രതിരോധ കമ്പനിയുമായി 777 ദശലക്ഷം ഡോളറിന്റെ കരാറിലെത്തി.

ന്യൂഡല്‍ഹി: നാവിക സേനയുടെ കരുത്ത് ഇരട്ടിയാക്കാന്‍ ഇന്ത്യന്‍ നേവി ഇസ്രയേലിന്റെ പൊതുമേഖലാ പ്രതിരോധ കമ്പനിയുമായി 777 ദശലക്ഷം ഡോളറിന്റെ കരാറിലെത്തി. ഇസ്രായേല്‍ എയറോസ്പേസ് ഇന്‍ഡസ്ട്രീസുമായാണ് കരാറിലെത്തിയിരിക്കുന്നത്. പദ്ധതിയില്‍ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് ആകും മുഖ്യ നിര്‍മ്മാതാക്കള്‍.

ഇന്ത്യന്‍ നേവിയിലെ ഏഴ് പടക്കപ്പലുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തലുകള്‍. ഭൂതല വ്യോമ മിസൈലുകളും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും കൈമാറ്റം ചെയ്യാനും നിര്‍മ്മിക്കാനുമാണ് കരാറിലെത്തിയിരിക്കുന്നത്.

നിശ്ചിത ചുറ്റളവില്‍ നിരീക്ഷണ സംവിധാനവും അപകട സൂചനയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ ശേഷിയുള്ള റഡാര്‍ സംവിധാനവും ഉള്‍ക്കൊള്ളുന്നതാണ് ഈ അത്യാധുനിക മിസൈല്‍. 50 മുതല്‍ 70 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാന്‍ കഴിയും ഈ മിസൈലുകള്‍ക്കെന്നാണ് റിപ്പോര്‍ട്ടുകള്‍.

Exit mobile version