ചിട്ടി തട്ടിപ്പില്‍ ബിജെപിയും കുടുങ്ങും! ആസാമിലെ ബിജെപി മന്ത്രി കൈപ്പറ്റിയത് മൂന്നുകോടി; തെളിവ് നിരത്തി മമതാ ബാനര്‍ജി

മമതാ ബാനര്‍ജി സര്‍ക്കാരിനെതിരെ ശക്തമായി നടപടിക്ക് ഒരുങ്ങുന്ന കേന്ദ്ര സര്‍ക്കാരിന് തിരിച്ചടിയായി പുതിയ തെളിവുകള്‍.

കൊല്‍ക്കത്ത: ചിട്ടിതട്ടിപ്പ് കേസില്‍ മമതാ ബാനര്‍ജി സര്‍ക്കാരിനെതിരെ ശക്തമായി നടപടിക്ക് ഒരുങ്ങുന്ന കേന്ദ്ര സര്‍ക്കാരിന് തിരിച്ചടിയായി പുതിയ തെളിവുകള്‍. കേന്ദ്രസര്‍ക്കാരിനെതിരെ നടത്തിവന്ന സത്യാഗ്രഹ സമരം അവസാനിപ്പിച്ചതിന് പിന്നാലെ ശാരദ ചിട്ടി ഫണ്ട് ചീഫ് സുദിപ്തോ സെന്‍ 2013ല്‍ സിബിഐ അഴിമതിവിരുദ്ധ വിഭാഗത്തിനെഴുതിയ കത്ത് മമത പുറത്തുവിടുകയായിരുന്നു.

ചിട്ടി തട്ടിപ്പില്‍ ബിജെപി ആസാം മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ മൂന്നു കോടി കൈപ്പറ്റിയെന്നാണ് മമതയുടെ ആരോപണം. ശര്‍മ്മ തന്നെ ചതിച്ചെന്നും രണ്ടു വര്‍ഷത്തിനിടെ മൂന്നു കോടി രൂപയോളം അനധികൃതമായി കൈക്കലാക്കിയെന്നും കത്തില്‍ പരാതി പറയുന്നു. ഈ കത്ത് ചൂണ്ടിക്കാട്ടിയാണ് മമത വീണ്ടും ബിജെപിക്കുനേരെ തിരിഞ്ഞിരിക്കുന്നത്.

മുന്‍ ടിഎംസി നേതാവു കൂടിയായിരുന്ന ശര്‍മ്മ, പിന്നീട് ബിജെപിയിലേക്ക് ചേക്കേറുകയായിരുന്നു. സിബിഐ അന്വേഷണം ഭയന്നാണ് ശര്‍മ്മ ബിജെപിയില്‍ സുരക്ഷിത താവളം കണ്ടെത്തിയതെന്നും, ബിജെപിയില്‍ അഭയം തേടുന്നവരെ സിബിഐ രക്ഷപ്പെടുത്തുകയാണെന്നും മമത വിമര്‍ശിച്ചു. സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധി ഉണ്ടായെന്ന് പറഞ്ഞു കൊണ്ടായിരുന്നു നേരത്തെ മമത ധര്‍ണ അവസാനിപ്പിച്ചത്.

Exit mobile version