നോട്ട് നിരോധനത്തിന് ശേഷം തൊഴില്‍ നഷ്ടം: കണക്കെടുക്കാതെ കേന്ദ്രം; വിവരങ്ങള്‍ ലഭ്യമല്ലെന്ന് കേന്ദ്ര തൊഴില്‍മന്ത്രി

കാര്യ മേഖലയിലെ തൊഴിലവസരങ്ങളെ ഇക്കാര്യങ്ങള്‍ ബാധിച്ചോ എന്നതിന്റെ കണക്കുകളൊന്നും തങ്ങളുടെ പക്കലില്ലെന്ന് സന്തോഷ് ഗാങ്വാര്‍ വിശദീകരിച്ചു.

ന്യൂഡല്‍ഹി: നോട്ടു നിരോധനത്തിനു ശേഷം രാജ്യത്ത് തൊഴിലില്ലായ്മ വന്‍തോതില്‍ വര്‍ധിച്ചെന്ന റിപ്പോര്‍ട്ടിനെ കുറിച്ച് അറിയില്ലെന്ന് കേന്ദ്ര തൊഴില്‍ വകുപ്പ്മന്ത്രി സന്തോഷ് ഗാങ്വാര്‍ പാര്‍ലമെന്റില്‍. നോട്ട് നിരോധനത്തിന് ശേഷം, സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങളെ ഇക്കാര്യങ്ങള്‍ ബാധിച്ചോ എന്നതിന്റെ കണക്കുകളൊന്നും തങ്ങളുടെ പക്കലില്ലെന്ന് സന്തോഷ് ഗാങ്വാര്‍ വിശദീകരിച്ചു.

രാജ്യത്തെ തൊഴിലില്ലായ്മ 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയതായി ദേശീയ സാമ്പിള്‍ സര്‍വേ ഓഫീസിന്റെ (എന്‍എസ്എസ്ഒ) റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതു സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ബിജു ജനതാദള്‍ അംഗം ബീന്ദ്ര കുമാര്‍ ജെനയാണ് നോട്ടു നിരോധനം രാജ്യത്തെ തൊഴിലവസരങ്ങളെ എങ്ങനെ ബാധിച്ചുവെന്ന ചോദ്യം ഉന്നയിച്ചത്. നോട്ട് നിരോധനം രാജ്യത്തെ അസംഘടിത മേഖല അടക്കമുള്ള തൊഴില്‍ മേഖലയിലുണ്ടാക്കിയ ആഘാതം എന്താണെന്നും ഇതു സംബന്ധിച്ച വിവരങ്ങള്‍ എങ്ങനെയാണ് ശേഖരിച്ചതെന്നുമായിരുന്നു ചോദ്യം.

തൊഴില്‍ പങ്കാളിത്ത നിരക്ക്, തൊഴിലാളികളുടെ എണ്ണത്തിലുള്ള അനുപാതം, നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് എന്നിവയൊക്കെ കണക്കിലെടുത്താണ് സ്റ്റാറ്റസ്റ്റിക്സ് മന്ത്രാലയം റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതെന്ന് മന്ത്രി എഴുതി നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. എന്നാല്‍, സ്വകാര്യ തൊഴില്‍ മേഖലയില്‍ നോട്ട് നിരോധനത്തിന്റെ പ്രത്യാഘാതം സംബന്ധിച്ച കണക്കുകള്‍ കേന്ദ്രസര്‍ക്കാരല്ല കൈകാര്യം ചെയ്യുന്നതെന്നും അതിനാല്‍ കണക്ക് ലഭ്യമല്ലെന്നും മന്ത്രി വ്യക്തമാക്കി.

Exit mobile version