കുടുംബത്തെ നോക്കാത്തവരാണോ രാജ്യത്തെ സേവിക്കാന്‍ ഇറങ്ങിത്തിരിക്കുന്നത്? വീണ്ടും ബിജെപി നേതാക്കളെ ഉന്നംവെച്ച് വിവാദ പ്രസ്താവനയുമായി നിതിന്‍ ഗഡ്കരി

തങ്ങളുടെ കുടുംബത്തെ സേവിക്കാത്തവര്‍ക്ക് രാജ്യത്തെ സേവിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

നാഗ്പൂര്‍: ആദ്യം നേതാക്കള്‍ കുടുംബ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണമെന്നും എന്നിട്ടാണ് രാജ്യസേവനത്തിന് ഇറങ്ങേണ്ടതെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. തങ്ങളുടെ കുടുംബത്തെ സേവിക്കാത്തവര്‍ക്ക് രാജ്യത്തെ സേവിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിരവധി ആള്‍ക്കാര്‍ പാര്‍ട്ടിക്കും രാജ്യത്തിനും വേണ്ടി പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹം പറഞ്ഞ് മുന്നോട്ട് വരുന്നതായി കണ്ടിട്ടുണ്ട്. എന്നാല്‍ വീട് നന്നായി നോക്കാത്തവര്‍ക്ക് ഒരിക്കലും രാജ്യത്തെ സേവിക്കാനാവില്ല. അദ്ദേഹം പറഞ്ഞു.

ഒരു ഉദാഹരണവും ഗഡ്കരി ചൂണ്ടിക്കാട്ടി. ലാഭകരമല്ലാത്ത ബിസിനസ് ഉപേക്ഷിച്ച് ഭാര്യയും മക്കളുമുള്ള ഒരാള്‍ പാര്‍ട്ടിക്കും രാജ്യത്തിനും വേണ്ടി പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് മുന്നോട്ട് വന്നെന്നും എന്നാല്‍ അയാളോട്, ‘ആദ്യം നിങ്ങള്‍ നിങ്ങളുടെ കുടുംബത്തിനോട് കടമ നിറവേറ്റൂ. സ്വന്തം വീടും കുടുംബവും നോക്കി നടത്താന്‍ പറ്റാത്തവര്‍ക്ക് ഒരിക്കലും രാജ്യത്തോടുള്ള കടമ നിറവേറ്റാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ ആദ്യം കുടുംബത്തിന്റേയും കുട്ടികളുടേയും കാര്യം നോക്കിയിട്ട് പിന്നീട് മാത്രം രാഷ്ട്രത്തെ സേവിക്കാം’-എന്ന ഉപദേശം നല്‍കിയെന്നും ഗഡ്കരി പറഞ്ഞു. ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിയുടെ മുന്‍പ്രവര്‍ത്തകരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടിയുടെ ചില ഉന്നത നേതാക്കളെ ഉദ്ദേശിച്ചാണ് ഗഡ്കരിയുടെ പ്രസ്താവനയെന്നാണ് ചിലര്‍ ഉയര്‍ത്തുന്ന പ്രധാനവിമര്‍ശനം.

Exit mobile version