‘ജനങ്ങളാണ് സര്‍ക്കാരിനെ തെരഞ്ഞെടുത്തത്, സിബിഐയെ കാണിച്ച് തന്നെ വിരട്ടാമെന്ന് കരുതേണ്ട’; ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തെ മോഡിയുടെ തകര്‍പ്പന്‍ ഡയലോഗ് തിരിഞ്ഞുകൊത്തുന്നു; ബംഗാള്‍ പ്രതിസന്ധിക്കിടെ 2013ലെ ട്വീറ്റ് കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ!

ഇതിനിടെ പണ്ട് സിബിഐയ്‌ക്കെതിരെ പറഞ്ഞ വാക്കുകള്‍ ബിജെപിക്കും നരേന്ദ്ര മോഡിക്കും തലവേദയാവുകയാണ്.

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും പരസ്യ ഏറ്റുമുട്ടലില്‍. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനാണ് മോഡി ഭരണകൂടം ശ്രമിക്കുന്നതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആരോപിക്കുന്നു. എന്നാല്‍, നിയമ നടപടി മാത്രമാണ് വിവാദമായ സിബിഐ നടപടിക്ക് പിന്നിലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം.

ഇതിനിടെ പണ്ട് സിബിഐയ്‌ക്കെതിരെ പറഞ്ഞ വാക്കുകള്‍ ബിജെപിക്കും നരേന്ദ്ര മോഡിക്കും തലവേദയാവുകയാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നരേന്ദ്ര മോഡി, സംസ്ഥാനത്ത് നടന്ന സിബിഐ നടപടിക്കെതിരെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി ആഞ്ഞടിക്കുന്ന ട്വീറ്റ് സോഷ്യല്‍മീഡിയയില്‍ വീണ്ടും പ്രചരിക്കുകയാണ്. അന്ന് കേന്ദ്രം ഭരിച്ചിരുന്ന മന്‍മോഹന്‍ സിങിന്റെ നേൃത്വത്തിലെ സര്‍ക്കാരിനെതിരെ മൂര്‍ച്ചയേറിയ വാക്കുകള്‍ ഉപയോഗിച്ചായിരുന്നു മോഡിയുടെ ട്വീറ്റ്. ജനാധിപത്യം വഴി തെരഞ്ഞെടുക്കപ്പെട്ട ഗുജറാത്ത് സര്‍ക്കാരിനെയും തന്നെയും സിബിഐയെ ഉപയോഗിച്ച് വിരട്ടാന്‍ നോക്കേണ്ടെന്ന് മോഡി പറയുന്ന ട്വീറ്റ് ഇന്ന് മോഡിയുടെ കേന്ദ്ര സര്‍ക്കാരിനെ തന്നെ തിരിഞ്ഞുകൊത്തുകയാണ്.

ഇസ്രത്ത് ജഹാന്‍വ്യാജ ഏറ്റുമുട്ടല്‍ കേസ് കൈകാര്യം ചെയ്ത ഗുജറാത്തിലെ ഐബി മേധാവിയും പോലീസ് കമ്മീഷണറുമായിരുന്ന രാജേന്ദ്ര കുമാര്‍ ഐപിഎസിനെതിരായ സിബിഐ നടപടികളാണ് അന്ന് മോഡിയെ രോഷാകുലനാക്കിയത്. അന്ന് മോഡി ഉപയോഗിച്ച കേന്ദ്രം ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്ന അതേ വാക്കുകള്‍ തന്നെയാണ് ഇന്ന് മമതയും ഉയര്‍ത്തുന്നതെന്ന് സോഷ്യല്‍മീഡിയ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ സ്വതന്ത്ര പ്രവര്‍ത്തനത്തിന് മോഡി സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണകൂടം വിഘാതം സൃഷ്ടിക്കുന്നെന്ന ആരോപണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്തുന്ന പ്രതിഷേധ ധര്‍ണ്ണ തുടരുകയാണ്. അപ്രതീക്ഷിതവും അവിശ്വസനീയവുമായ രാഷ്ട്രീയ പ്രതിസന്ധിയാണ് ബംഗാളില്‍ ഒരു രാത്രികൊണ്ട് ഉടലെടുത്തത്.

ഇന്നലെ രാത്രിയോടെ കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനും റെയ്ഡ് നടത്താനുമായി എത്തിയ സിബിഐ സംഘത്തെ ബംഗാള്‍ പോലീസ് കടുത്ത ബലപ്രയോഗം നടത്തി കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ യുദ്ധപ്രഖ്യാപനവുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്തെത്തുകയായിരുന്നു. കേന്ദ്രം ഭരിക്കുന്ന മോഡി സര്‍ക്കാരിന് ധൈര്യമുണ്ടെങ്കില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് മമത വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ജനാധിപത്യത്തെ തകര്‍ക്കാനാണ് മോഡി സര്‍ക്കാരിന്റെ ശ്രമമെന്നാണ് മമതയുടെ ആരോപണം.

2013ലെ ബംഗാളിലെ റോസ്‌വാലി, ശാരദ ചിട്ടി തട്ടിപ്പുകള്‍ അന്വേഷിച്ചിരുന്നത് രാജീവ് കുമാറായിരുന്നു.1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ രാജീവ് കുമാറിന് ചിട്ടി തട്ടിപ്പിലെ ചില നിര്‍ണായക രേഖ കാണാതായതുമായി ബന്ധമുണ്ടെന്നാണ് സിബിഐയുടെ ആരോപണം.

Exit mobile version