10 വര്‍ഷമായി സെനഗലില്‍ സുഖവാസം! ഒടുവില്‍ കൂട്ടാളികളുടെ മണ്ടത്തരവും വിനോദസഞ്ചാരികളുടെ വേഷത്തിലെത്തിയ മുംബൈ പോലീസും ചേര്‍ന്ന് ഒളിവില്‍ നിന്നും പുറത്തെത്തിച്ചു; രവി പൂജാരിയെ പിടികൂടിയത് സിനിമാ സ്റ്റൈലില്‍!

രവി പൂജാരിയെ ഇന്ത്യന്‍ നിയമവ്യവസ്ഥയ്ക്ക് മുന്നിലെത്തിച്ചത് കൂട്ടാളികള്‍ കാണിച്ച 'അശ്രദ്ധ'.

അഹമ്മദാബാദ്: വിദേശത്ത് പത്തുവര്‍ഷമായി സുഖവാസത്തിലായിരുന്ന അധോലോക കുറ്റവാളി രവി പൂജാരിയെ ഇന്ത്യന്‍ നിയമവ്യവസ്ഥയ്ക്ക് മുന്നിലെത്തിച്ചത് കൂട്ടാളികള്‍ കാണിച്ച ‘അശ്രദ്ധ’. ഒരിക്കല്‍, ഗുജറാത്തിലെ ബിസിനസുകാരനു ലഭിച്ച ഭീഷണി ഫോണ്‍ കോളാണ് പൂജാരിയിലേക്കുള്ള അന്വേഷണത്തിന് തുടക്കമിട്ടത്. രാഷ്ട്രീയത്തില്‍ ഏറെ പിടിപാടുള്ള ബിസിനസുകാരനോടു പണം ആവശ്യപ്പെട്ടു മുംബൈയില്‍ നിന്നു ഭീഷണി ഫോണ്‍ സന്ദേശം എത്തിയിരുന്നു.

ഈ സംഭവം കഴിഞ്ഞ നവംബറിലായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ അന്ധേരിയിലെ 2 പേര്‍ മുംബൈ പോലീസിന്റെ പിടിയിലായി. പൂജാരിയുടെ അടുത്ത കൂട്ടാളികളായ ഇവര്‍ക്കു ലഭിച്ച ഫോണ്‍ കോളുകളും കംപ്യൂട്ടറുകളും മറ്റും പരിശോധിച്ചതിനെത്തുടര്‍ന്നാണു സെനഗല്‍ ബന്ധം പോലീസ് ആദ്യം സംശയിക്കപ്പെട്ടത്.

പിന്നീട്, മുംബൈ പോലീസിലെ ഒരു സംഘം വിനോദസഞ്ചാരികളെന്ന വ്യാജേനെ സെനഗല്‍ സന്ദര്‍ശിച്ചതോടെയാണു കൃത്യമായ വിവരങ്ങള്‍ ലഭിച്ചത്. പൂജാരി സെനഗലില്‍ 2009 മുതല്‍ താവളമടിച്ചിട്ടുണ്ടെന്നും അവിടെ ഒരു ഹോട്ടല്‍ ശൃംഖല തന്നെ നടത്തുന്നുണ്ടെന്നും തെളിവു ലഭിച്ചു.

മൈസൂരു സ്വദേശിയായ ആന്റണി ഫെര്‍ണാണ്ടസ് എന്ന പേരില്‍ സാധാരണ ജീവിതം നയിക്കുകയായിരുന്ന പൂജാരി അവിടെ ഒരു പോലീസ് കേസിലും ഉള്‍പ്പെട്ടിരുന്നില്ല. ഇക്കാര്യങ്ങള്‍ സെനഗല്‍ പോലീസിനെ അറിയിച്ചെങ്കിലും മുംബൈ പൊലീസിന്റെ വാദം അതേപടി സ്വീകരിക്കാന്‍ അവര്‍ തയാറായില്ല. തുടര്‍ന്ന് സെനഗല്‍ എംബസിയെ സമീപിക്കുകയായിരുന്നു. പാസ്‌പോര്‍ട്ട് വ്യാജമാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നു പൂജാരിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

Exit mobile version