കര്‍ണാടകയില്‍ പ്രസാദം കഴിച്ച് മരിച്ച സംഭവം; പ്രസാദത്തില്‍ വിഷം കലര്‍ത്തിയത് മനപൂര്‍വ്വം, ലക്ഷ്യം കാമുകന്റെ ഭാര്യയെ കൊല്ലാന്‍, മൂന്ന് സ്ത്രീകള്‍ അറസ്റ്റില്‍

ഈ സംഭവത്തിലാണ് പ്രസാദം വിതരണം ചെയ്ത ലക്ഷ്മി, അമരാവതി, പാര്‍വതമ്മ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്

ബംഗളൂരൂ: ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് രണ്ട് സത്രീകള്‍ മരിച്ച സംഭവത്തില്‍ പുതിയ വഴിത്തിരിവ്. കര്‍ണാടകയിലെ ചിക്കബല്ലാപുരയിലെ ഗംഗമ്മ ദേവീ ക്ഷേത്രത്തിലെ പ്രസാദം കഴിച്ചാണ് സ്ത്രീകള്‍ മരിച്ചത്. ഈ സംഭവത്തിലാണ് പ്രസാദം വിതരണം ചെയ്ത ലക്ഷ്മി, അമരാവതി, പാര്‍വതമ്മ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. സരസ്വതിയമ്മ, കവിത എന്നിവരാണ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കാമുകനായ ലോകേഷിന്റെ ഭാര്യയെ കൊല്ലാന്നായി ലക്ഷ്മി പ്രസാദത്തില്‍ രാസപദാര്‍ഥം കലര്‍ത്തിയത്. എന്നാല്‍ ഈ പ്രസാദം മറ്റുള്ളവരും കഴിച്ചതോടെ രണ്ടുപേര്‍ മരിക്കുകയും പതിനൊന്നോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്.

പ്രസാദത്തില്‍ സ്വര്‍ണം പൂശാന്‍ ഉപയോഗിക്കുന്ന രാസപദാര്‍ത്ഥമാണ് ഇവര്‍ കലര്‍ത്തിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഘത്തെ സഹായിച്ചതിന് ലോകേഷിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ലക്ഷ്മിയും ലോകേഷും തമ്മിലുള്ള അവിഹിത ബന്ധമാണ് പ്രസാദത്തില്‍ വിഷം കലര്‍ത്താന്‍ കാരണമായത്. മരിച്ച സരസ്വതിയമ്മയുടെ മകള്‍ ശ്രീഗൗരിയാണ് ലോകേഷിന്റെ ഭാര്യ. ഇവരെ കൊല്ലുകയായിരുന്നു മൂവര്‍ സംഘത്തിന്റെ ലക്ഷ്യം.

സ്വര്‍ണപ്പണിക്കാരനായ ഭര്‍ത്താവിന്റെ കടയില്‍നിന്നാണ് ലക്ഷ്മി പ്രസാദത്തില്‍ കലര്‍ത്താനുള്ള രാസപദാര്‍ഥം കൈക്കലാക്കിയത്. ലോകേഷും ലക്ഷ്മിയും തമ്മിലുള്ള ബന്ധത്തെ ഗൗരിയും കുടുംബവും പലതവണ ചോദ്യം ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ഇവര്‍ ഗൗരിയെ ഇല്ലാതാക്കാനായി ഗൂഢാലോചന നടത്തിയത്. ഗൗരിക്കും കുടുംബത്തിനും മാത്രം നല്‍കാനാണ് ഇവര്‍ പ്രസാദത്തില്‍ വിഷം കലര്‍ത്തിയത്. എന്നാല്‍ അബദ്ധത്തില്‍ ഇത് മറ്റുള്ളവരും കഴിച്ചു. മുമ്പ് രണ്ടുതവണ ഇതേ രീതിയില്‍ ഗൗരിയെ കൊല്ലാന്‍ ലക്ഷ്മി ശ്രമിച്ചെങ്കിലും ഗൗരി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു

Exit mobile version