മോഡി ഭരണത്തില്‍ രാജ്യത്ത് തൊഴിലില്ലായ്മ 6.1 ശതമാനമായി വര്‍ധിച്ചു; 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കെന്നും നാഷണല്‍ സാമ്പിള്‍സ് സര്‍വ്വേ

ന്യൂഡല്‍ഹി: രാജ്യത്ത് തൊഴിലില്ലായ്മ 6.1 ശതമാനമായി വര്‍ധിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 45 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗ്രാമങ്ങളില്‍ 5.3 ശതമാനവും നഗരങ്ങളില്‍ 7.8 ശതമാനവുമാണ് തൊഴില്‍ രഹിതരുള്ളത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് തൊഴിലുപേക്ഷിച്ച് പോകുന്നവരുടെ എണ്ണത്തിലും ക്രമാതീതമായി വര്‍ധനവ് കണ്ടെത്തിയിട്ടുണ്ട്.
ഡിസംബറില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന് നാഷണല്‍ സാമ്പിള്‍സ് സര്‍വ്വേ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഇന്നലെയാണ് മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചോര്‍ന്ന് കിട്ടിയത്.

2016 ലെ നോട്ട് നിരോധനത്തിന് ശേഷം ദേശീയ സാമ്പിള്‍സ് സര്‍വ്വേ തയ്യാറാക്കിയ ആദ്യ റിപ്പോര്‍ട്ടാണിത്.
റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടും പ്രസിദ്ധീകരിക്കാതെ മറച്ച് വച്ചതില്‍ പ്രതിഷേധിച്ച് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്റെ ആക്ടിങ് ചെയര്‍മാനുള്‍പ്പടെ സ്വതന്ത്ര അംഗങ്ങള്‍ രാജി വച്ചതിന് പിന്നാലെയാണ് റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍ ചോര്‍ന്നത്.

Exit mobile version