25,000 രൂപയുമായി വന്നാല്‍ സ്ഥാനാര്‍ത്ഥിയാക്കുന്നത് പരിഗണിക്കാം; സീറ്റ് മോഹികള്‍ക്ക് നിബന്ധനയുമായി അണ്ണാഡിഎംകെയും, പഞ്ചാബ് കോണ്‍ഗ്രസും

ലുധിയാന: പാര്‍ട്ടിയിലെ സീറ്റ് മോഹികള്‍ക്ക് പുതിയ നിയന്ത്രണവുമായി പഞ്ചാബ് കോണ്‍ഗ്രസും അണ്ണാ ഡിഎംകെയും. 25,000 രൂപ ഫീസായി നല്‍കിയാല്‍ മാത്രമേ സ്ഥാനാര്‍ത്ഥിയാകുന്ന കാര്യം പരിഗണിക്കാന്‍ സാധിക്കൂവെന്നാണ് നേതൃത്വം അറിയിച്ചിരിക്കുന്നത്. സീറ്റ് മോഹിച്ചെത്തുന്നവരുടെ എണ്ണം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നേതൃത്വത്തിന്റെ പുതിയ നിബന്ധന.

തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളിലേക്കും പുതുച്ചേരിയിലെ ഒരു മണ്ഡലത്തിലേക്കും മത്സരിക്കാന്‍ താത്പര്യമുള്ളവര്‍ ഫെബ്രുവരി നാലിനും പത്തിനും ഇടയില്‍ 25,000 രൂപയും അപേക്ഷയും സമര്‍പ്പിക്കണമെന്ന് അണ്ണാഡിഎംകെ വ്യക്തമാക്കി. 2014 ലും ഇത്തരത്തില്‍ അണ്ണാ ഡിഎംകെ ഫീസ് ഏര്‍പ്പെടുത്തിയിരുന്നു.

പഞ്ചാബ് കോണ്‍ഗ്രസും ഇതേ നിയന്ത്രണമാണ് മുന്നോട്ട് വയ്ക്കുന്നത്. 25,000 രൂപയുമായി വന്നാല്‍ സ്ഥാനാര്‍ത്ഥിയാക്കുന്നത് പരിഗണിക്കാമെന്നാണ് പഞ്ചാബ് കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ സംവരണ മണ്ഡലങ്ങളിലുള്ളവര്‍ 20,000 രൂപ നല്‍കിയാല്‍ മതിയാകും. നാല് സംവരണ മണ്ഡലങ്ങള്‍ ഉള്‍പ്പെടെ 14 ലോക്‌സഭാ സീറ്റുകളാണ് പഞ്ചാബിലുള്ളത്.

Exit mobile version