നടപ്പാക്കാന്‍ സാധിക്കുന്ന വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിയാല്‍ മതി; ഇല്ലെങ്കില്‍ ജനം പ്രഹരിക്കും;മോഡിയെ ലക്ഷ്യംവെച്ച് ഗഡ്കരിയുടെ ഒളിയമ്പ്

ടപ്പാക്കാന്‍ സാധിക്കുന്ന വാഗ്ദാനങ്ങള്‍ മാത്രമേ രാഷ്ട്രീയക്കാര്‍ ജനത്തിനു നല്‍കാവൂ എന്നാണ് ഗഡ്കരിയുടെ പുതിയ പ്രസ്താവന.

മുംബൈ: ബിജെപി നേതൃത്വത്തിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെയും പരാമര്‍ശങ്ങള്‍ നടത്തി വാര്‍ത്തയില്‍ ഇടം നേടിയ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വീണ്ടും വിവാദപരാമര്‍ശവുമായി രംഗത്ത്. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കു പിന്നാലെയാണ് ഗഡ്കരിയുടെ പ്രസ്താവന. നടപ്പാക്കാന്‍ സാധിക്കുന്ന വാഗ്ദാനങ്ങള്‍ മാത്രമേ രാഷ്ട്രീയക്കാര്‍ ജനത്തിനു നല്‍കാവൂ എന്നാണ് ഗഡ്കരിയുടെ പുതിയ പ്രസ്താവന.

2014ല്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയാണു ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതെന്ന് നേരത്തെ തുറന്നുപറഞ്ഞ നേതാവാണ് ഗഡ്കരി. പിന്നാലെയെത്തിയ ഈ പ്രസ്താവന അതുകൊണ്ടു തന്നെ വാര്‍ത്തയിലിടം നേടുകയാണ്.

എല്ലാ രാഷ്ട്രീയക്കാര്‍ക്കുമുള്ള ഉപദേശമെന്ന മട്ടിലാണു ഗഡ്കരിയുടെ പരാമര്‍ശമെങ്കിലും ബിജെപി നേതൃത്വത്തിനുള്ള ‘മുന്നറിയിപ്പ്’ ആണിതെന്നാണു സൂചന. ‘വാഗ്ദാനങ്ങള്‍ പാലിക്കുന്നവരെ ജനങ്ങള്‍ക്ക് ഇഷ്ടമാണ്. എന്നാല്‍ ഇതേ നേതാക്കാള്‍ വാഗ്ദാന ലംഘനം നടത്തിയാല്‍, ജനം പ്രഹരിക്കും. അതിനാല്‍ നടപ്പാക്കാവുന്ന വാഗ്ദാനങ്ങളേ ജനങ്ങള്‍ക്കു നല്‍കാവൂ. സ്വപ്നങ്ങള്‍ കെട്ടിച്ചമയ്ക്കുന്ന ആളല്ല ഞാന്‍. 100 ശതമാനം ആധികാരികതയോടെ മാത്രമേ സംസാരിക്കാറുള്ളൂ. അത്തരം കാര്യങ്ങളേ വാഗ്ദാനം ചെയ്യാറുള്ളൂ’- മുംബൈയില്‍ മാധ്യമങ്ങളോടു ഗഡ്കരി വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കു നേരെ ഗഡ്കരി കണ്ണാടി പിടിച്ചിരിക്കുകയാണെന്ന കുറിപ്പോടെ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി പ്രസ്താവന ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിക്കെതിരെ ഗഡ്കരി ആക്രമണം തുടങ്ങി എന്നായിരുന്നു മധ്യപ്രദേശ് കോണ്‍ഗ്രസിന്റെ പ്രതികരണം.

Exit mobile version