സിബിഐയുടെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടുന്നു; കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്

ന്യൂഡല്‍ഹി: സിബിഐയ്യിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പരസ്പരം അഴിമതി ആരോപണം ഉന്നയിക്കുന്ന സാഹചര്യത്തില്‍ സിബിഐയ്യുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് ആരോപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ സ്ഥാപിത താത്പര്യങ്ങളാണ് അന്വേഷണ ഏജന്‍സിയെ ഈ നിലയില്‍ എത്തിച്ചതെന്നും കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു.

മുതിര്‍ന്ന ഉദ്യോഗസ്ഥര്‍തന്നെ പരസ്പരം ആരോപണം ഉന്നയിക്കുന്ന സാഹചര്യത്തില്‍ അഴിമതിക്കേസുകള്‍ സിബിഐ അന്വേഷിക്കുന്നത് ജനം എങ്ങനെ വിശ്വസിക്കുമെന്നും ഗുരുതരമായ സ്ഥിതിവിശേഷം ഉണ്ടായിട്ടും കേന്ദ്രസര്‍ക്കാര്‍ നിശബ്ദത പാലിക്കുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി സിബിഐയെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കുന്നുവെന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു.

ഒപ്പം ബിജെപി സര്‍ക്കാര്‍ സിബിഐക്ക് അപമാനമുണ്ടാക്കിയെന്ന ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായി അരവിന്ദ് കെജ്‌രിവാളും രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് ഭരണകാലത്ത് സിബിഐയെ സുപ്രീംകോടതി കൂട്ടിലടച്ച തത്തയെന്ന് വിശേഷിപ്പിച്ചിരുന്നുവെന്നും എന്നാല്‍ ബിജെപി സര്‍ക്കാര്‍ കോണ്‍ഗ്രസിനെയും മറികടന്ന് സിബിഐയ്ക്ക് കടുത്ത അപമാനം ഉണ്ടാക്കിയിരിക്കുന്നുവെന്നും കെജ്‌രിവാള്‍ പറഞ്ഞു.

എന്നാല്‍ ബിജെപി വക്താവ് മീനാക്ഷി ലേഖി പറയുന്നത് രാജ്യത്തെ ജനങ്ങള്‍ക്ക് സിബിഐയിലുള്ള വിശ്വാസം തുടര്‍ന്നും ഉണ്ടാകുമെന്നാണ്. വിഷയത്തില്‍ പാര്‍ട്ടിയുടെ പ്രതികരണം പിന്നീട് ഉണ്ടാവുമെന്നും അവര്‍ വ്യക്തമാക്കി. കെക്കൂലി വിവാദവുമായി ബന്ധപ്പെട്ട് സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരെ സിബിഐ തന്നെ കേസെടുത്തിരുന്നു.

Exit mobile version