വര്‍ഗ്ഗീയത ചീറ്റുന്ന പഴയ തീപ്പൊരി പ്രസംഗങ്ങള്‍ ഇല്ല; മകളുടെ മരണത്തോടെ അടിമുടി മാറി വരുണ്‍ ഗാന്ധി; കോണ്‍ഗ്രസിലേക്ക് ചേക്കേറുമെന്ന് സൂചന; യുപിയില്‍ കോണ്‍ഗ്രസിന്റെ അടുത്ത തുറുപ്പുചീട്ടോ?

പ്രിയങ്കയ്ക്കു പിന്നാലെ യുപിയിലെ അടുത്ത തുറുപ്പുചീട്ട് എന്നാണു പാര്‍ട്ടി വൃത്തങ്ങള്‍ വരുണിനെ വിശേഷിപ്പിക്കുന്നത്.

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പടിവാതുക്കല്‍ എത്തിനില്‍ക്കെ എതിരാളികളെ ഞെട്ടിച്ചുകൊണ്ട് പ്രിയങ്ക ഗാന്ധിയെ സജീവ രാഷ്ട്രീയത്തിലിറക്കിയ കോണ്‍ഗ്രസ് അടുത്തതായി ഞെട്ടിക്കുന്ന മറ്റൊരു തീരുമാനം ജനങ്ങളെ അറിയിക്കുമെന്ന് സൂചന. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മനേകാ ഗാന്ധിയുടെ മകനും നെഹ്‌റു കുടുംബത്തിലെ ഇളയ സഹോദരനുമായ വരുണ്‍ ഗാന്ധിയെ ബിജെപിയില്‍ നിന്നും പുറത്തിറക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. പ്രിയങ്കയ്ക്കു പിന്നാലെ യുപിയിലെ അടുത്ത തുറുപ്പുചീട്ട് എന്നാണു പാര്‍ട്ടി വൃത്തങ്ങള്‍ വരുണിനെ വിശേഷിപ്പിക്കുന്നത്.

സുല്‍ത്താന്‍പുരില്‍ നിന്നുള്ള ബിജെപി എംപിയായ വരുണ്‍ ഗാന്ധിയെ പഴയ തീപ്പൊരി പ്രസംഗങ്ങളുടെ അഭാവത്തില്‍ പാര്‍ട്ടി ഏറെക്കുറെ തഴഞ്ഞമട്ടാണ്. ഇതില്‍ അദ്ദേഹം അസ്വസ്ഥനുമാണെന്നാണ് സൂചന. വരുണ്‍ ഇക്കുറി സ്വതന്ത്രനായി മത്സരിക്കുമെന്നും അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസ് അവിടെ സൗഹൃദ മത്സരത്തിന് തയാറായേക്കും.

കോണ്‍ഗ്രസിലേക്ക് ചേക്കേറാന്‍ വരുണിന് തടസം അമ്മ മേനക ഗാന്ധിയാണ്. മനേകയ്ക്ക് യുപിയിലെ പിലിഭിത്തില്‍ നിന്നു വീണ്ടും മത്സരിക്കാന്‍ ബിജെപി അവസരം നിഷേധിക്കുകയാണെങ്കില്‍ വരുണ്‍ കോണ്‍ഗ്രസിലേക്ക് പെട്ടെന്ന് അടുക്കുമെന്നാണ് പാര്‍ട്ടിയുടെ കണക്കു കൂട്ടല്‍. യുപിയില്‍ പ്രിയങ്ക സജീവമാകുന്നത് വരുണിനെ കോണ്‍ഗ്രസിലേക്ക് അടുപ്പിക്കാന്‍ വഴിയൊരുക്കുമെന്നാണ് സൂചന.

മേനകയും സോണിയാ ഗാന്ധിയും തമ്മിലുള്ള ബന്ധം ഊഷ്മളമല്ലെങ്കിലും രാഹുല്‍ ഗാന്ധി, പ്രിയങ്ക എന്നിവര്‍ക്ക് വരുണുമായി നല്ല സൗഹൃദമാണുള്ളത്. രാഷ്ട്രീയ പ്രസംഗങ്ങളില്‍ വരുണ്‍ ഗാന്ധി തീവ്ര ഹിന്ദുത്വം കുത്തി നിറയ്ക്കുമ്പോഴും നെഹ്‌റു കുടുംബത്തെ ഒന്നടങ്കം കുറ്റപ്പെടുത്തി സംസാരിക്കുന്നതില്‍ നിന്നും വിട്ടു നിന്നിരുന്നു. സോണിയാ ഗാന്ധിയുടെ രാഷ്ട്രീയത്തെ കുറ്റപ്പെടുത്താനും വരുണ്‍ തയ്യാറായിരുന്നില്ല.
അതേസമയം, രാഷ്ട്രീയ രംഗത്ത് ഇളയ സഹോദരനെ കുറ്റപ്പെടുത്താതിരിക്കാന്‍
രാഹുലും പ്രിയങ്കയും ശ്രദ്ധിക്കുന്നു.

വരുണിന്റെ 4 മാസം പ്രായമുള്ള മകള്‍ ആദിയ പ്രിയദര്‍ശിനിയുടെ മരണമാണ് വരുണിന്റെ അടിമുടി മാറ്റിയത്. മകള്‍ മരിച്ചപ്പോള്‍ വീട്ടില്‍ ആദ്യമോടിയെത്തിയവരില്‍ പ്രിയങ്ക ഗാന്ധിയുമുണ്ടായിരുന്നു. 2009 ല്‍ നടത്തിയ തീപ്പൊരി പ്രസംഗങ്ങളിലൊന്ന് അതിരുവിട്ടപ്പോള്‍ അജ്ഞാത നമ്പരില്‍ നിന്നും വിളിച്ച് രാഹുല്‍ ഗാന്ധി വരുണിനെ ശകാരിച്ചിരുന്നു. ഇത് പിന്നീട് വരുണ്‍ തന്നെ വെളിപ്പെടുത്തുകയായിരുന്നു.

Exit mobile version