സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ റിലീസാകുന്ന ദിവസം പാല്‍ പാക്കറ്റുകള്‍ മോഷണം പോകുന്നു..! വ്യത്യസ്തമായ പരാതിയുമായി കച്ചവടക്കാര്‍

ചെന്നൈ: പലതരം പരാതികളും പാല്‍ വ്യാപാരികള്‍ ഉയര്‍ത്താറുണ്ട്. എന്നാല്‍ ഇതാ വളരെ വ്യത്യസ്തമായ ഒരു പരാതിയാണ് തമിഴ്‌നാട്ടില്‍ നിന്ന് ഉയരുന്നത്. സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ റിലീസാകുന്ന അന്ന് പാല്‍ പാക്കറ്റുകള്‍ വ്യാപകമായി മോഷണം പോകുന്നു. എന്നാല്‍ ഇത് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. സൂപ്പര്‍ താരങ്ങളുടെ കട്ടൗട്ടുകളില്‍ ഒഴിക്കാനാണ് പാല്‍ മോഷ്ടിക്കുന്നത്.

എന്നാല്‍ നേരത്തെയും ഇത്തരത്തില്‍ പാല്‍ പായ്ക്കറ്റുകള്‍ കളവ് പോയിരുന്നു. ഇപ്പോള്‍ വേറെ വഴിയില്ലാതായപ്പോള്‍ പാല്‍ അഭിഷേകം നടത്തുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചിരിക്കുകയാണ് പാല്‍ക്കച്ചവടക്കാര്‍. ടണ്‍കണക്കിന് പാല്‍ പാഴാകുന്നത് തടയാന്‍ നടപടി വേണമെന്നും റിലീസ് ദിനങ്ങളില്‍ പാല്‍ കടകള്‍ക്ക് പ്രത്യേക സംരക്ഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. തമിഴ്‌നാട് പാല്‍ വില്‍പന വിതരണ തൊഴിലാളി ക്ഷേമ സംഘടനയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.

അതേസമയം ഇക്കാര്യത്തില്‍ സൂപ്പര്‍ താരങ്ങളോട് തന്നെ ഇടപെടാന്‍ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടാകാത്തതിനാലാണ് വ്യാപാരികള്‍ പരാതി നല്‍കിയത്. 2015 മുതല്‍ ഇതിനായി പ്രവര്‍ത്തിക്കുകയാണെന്നും രജനീകാന്തും അജിത്തുമടക്കം എല്ലാ സൂപ്പര്‍ താരങ്ങളെയും സമീപിച്ചിരുന്നെന്നും ഇവര്‍ അവകാശപ്പെടുന്നു.

അര്‍ദ്ധരാത്രിയാണ് പാക്കറ്റ് പാലുകള്‍ വിതരണത്തിനായി എത്തുന്നത്. അത് കൊണ്ട് തന്നെ കടയ്ക്ക് പുറത്തുള്ള പ്ലാസ്റ്റിക്ക് പെട്ടികളിലാണ് പാല്‍ പാക്കറ്റുകള്‍ ഇറക്കി വയ്ക്കാറ്. ഇവിടെ നിന്നാണ് ആരാധകര്‍ പാല് മോഷ്ടിക്കുന്നത്.

Exit mobile version