‘ഇന്ത്യയെ ഇസ്ലാം ഭരണത്തില്‍ നിന്നും തീവ്രവാദികളില്‍ നിന്നും രക്ഷിച്ചത് ബ്രിട്ടീഷുകാര്‍’; രാജ്യത്തെ അവഹേളിച്ച്, ബ്രിട്ടീഷ് രാജ്ഞിയുടെ ചരമ വാര്‍ഷികം ആഘോഷിച്ച് ഹിന്ദുസേന

ബ്രിട്ടീഷ് അധിനിവേശം മഹത്വവല്‍ക്കരിക്കുന്ന ആഘോഷങ്ങളുമായി ഹിന്ദുസേന.

ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ പോലും അവഹേളിക്കുന്ന തരത്തില്‍ ബ്രിട്ടീഷ് അധിനിവേശം മഹത്വവല്‍ക്കരിക്കുന്ന ആഘോഷങ്ങളുമായി ഹിന്ദുസേന. ബ്രിട്ടീഷ് രാജ്ഞിയായിരുന്ന വിക്ടോറിയയുടെ ചരമ വാര്‍ഷികം ആഘോഷമാക്കിയാണ് ഹിന്ദുസേന സ്വന്തം രാജ്യത്തിന്റെ പരമാധികാരത്തെ അവഹേളിച്ചിരിക്കുന്നത്. ഇന്ത്യയെ മുസ്‌ലിം ഭരണത്തില്‍ നിന്ന് രക്ഷിച്ചത് ബ്രിട്ടീഷുകാരാണെന്ന് പറഞ്ഞാണ് ഹിന്ദുസേനയുടെ ആഘോഷം.

ഇസ്ലാമിക് തീവ്രവാദികളില്‍ നിന്നും ഭരണാധികാരികളില്‍ നിന്നും ഇന്ത്യയെ ബ്രിട്ടീഷുകാര്‍ മോചിപ്പിച്ചത് 1857 ലായിരുന്നുവെന്നാണ് ഹിന്ദു സേനയുടെ പക്ഷം. സ്വാതന്ത്ര്യത്തിന് വേണ്ടി നടന്ന പോരാട്ടം എന്ന നിലയിലല്ല മറിച്ച് ഇന്ത്യയില്‍ ബ്രിട്ടീഷ് ആധിപത്യം ഊട്ടിയുറപ്പിച്ചു എന്ന നിലയിലാകണം 1857 നെ ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് അടയാളപ്പെടുത്തേണ്ടതെന്നും അവര്‍ പറഞ്ഞുവച്ചു.

‘മുസ്ലിം ഭരണത്തില്‍ നിന്ന് ഇന്ത്യയെ മോചിപ്പിച്ചതാണ് 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം. ബഹൂദൂര്‍ഷ സഫറിന്റെ ഭരണത്തിന് അന്ത്യം കുറിച്ചത് 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരമായിരുന്നു.’-ഹിന്ദുസേന പ്രസിഡന്റ് വിഷ്ണു ഗുപ്ത പറഞ്ഞു. ജാലിയന്‍ വാലാബാഗ് പോലുള്ള സംഭവങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ബ്രിട്ടീഷ് ഭരണകാലം മികച്ചതായിരുന്നു. ബ്രിട്ടീഷ് കാലം അടിമത്വത്തിന്റേതായിരുന്നുവെന്ന് എങ്ങനെ പറയാനാകുമെന്നാണ് ഈ നേതാക്കള്‍ ചോദിക്കുന്നത്.

Exit mobile version